കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു

Saturday 16 May 2020 2:42 AM IST

COVID DEATH

വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയ്ക്ക് മുന്നിൽ ഉത്തരമില്ലാതെ മാനവരാശി ഉഴറുന്നു. ലോകത്താകെ മരണം മൂന്ന് ലക്ഷവും രോഗികളുടെ എണ്ണം 45 ലക്ഷവും കടന്നു. 17 ലക്ഷത്തിലധികം പേർ രോഗവിമുക്തരായതാണ് ഏക ആശ്വാസ വാർത്ത.

അമേരിക്ക, ബ്രിട്ടൻ, റഷ്യ, ബ്രസീൽ എന്നിവിടങ്ങളാണ് കൊവിഡിന്റെ പ്രധാന ഹോട്ട്സ്പോട്ടുകൾ.

കൊവിഡ് ഏറ്റവും രൂക്ഷമായ അമേരിക്കയിൽ മരണം 86000 കടന്നു. 14 ലക്ഷത്തിലധികം പേർ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ ഒരു കോടിയോളം ആളുകൾക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഏറ്റവുമധികം പരിശോധന നടത്തിയത് ന്യൂയോർക്കിലാണ്.

 റഷ്യയിൽ രോഗവ്യാപനം ശക്തം

റഷ്യയിൽ ഇന്നലെ 10000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 262,843 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം ശക്തമാണെങ്കിലും രാജ്യത്ത് മരണനിരക്ക് കുറവാണ്. മരണനിരക്കിൽ ലോകത്ത് 18ാമതാണ് റഷ്യ. ഇതുവരെ 2,418 പേർ മരിച്ചു.

 ബ്രസീൽ പ്രതിസന്ധിയിൽ

ബ്രസീലിൽ ഇന്നലെ മാത്രം 13,944 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ റിപ്പോർട്ട് ചെയ്തതിലും വച്ച് ഏറ്റവും കൂടിയ നിരക്കാണിത്. തലസ്ഥാന നഗരമായ മെക്സിക്കോയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. രാജ്യത്ത് ആകെ മരണം - 13,999. രോഗികൾ - 203,165. അതേസമയം, ബ്രസീലിന്റെ സാമ്പത്തിക കേന്ദ്രമായ സാവോ പോളോയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസിഡന്റ് ജെയർ ബൊൽസൊനാരോ. എന്നാൽ, ബൊൽസൊനാരോയുടെ തീരുമാനത്തോട് സാവോ പോളോ ഗവർണർ ജോ ഡോറിയ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 ബ്രിട്ടനിൽ ആകെ മരണം 33000 കവിഞ്ഞു. 230000ത്തിലധികം പേർ ചികിത്സയിൽ

 ആഫ്രിക്കയിൽ 200 ദശലക്ഷം ജനങ്ങൾക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന.

 ദക്ഷിണ കൊറിയയിൽ 17 പുതിയ കേസുകൾ.

 ആസ്ട്രേലിയയിലെ ചില ഭാഗങ്ങളിൽ കഫേകളും ബാറുകളും തുറന്നു.

 ചൈനയിൽ പുതിയ നാല് കേസുകൾ.