കൊവിഡ് ദുരിതത്തിന് അവസാനമായെന്ന് സ്ലോവേനിയ: പുതിയ കേസുകൾ ഏഴിൽ താഴെ, യൂറോപ്പിൽ ഇതാദ്യം
ലുജേബിൽജാന: കൊവിഡ് കെടുതിയിൽ നിന്ന് കരകയറി സ്ലോവേനിയ. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി ഏഴിൽ താഴെയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം. ഇതോടെ, രാജ്യത്തെ കൊവിഡ് ദുരിതത്തിന് അറുതിയായെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് സ്ലോവേനിയ. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ പോകണമെന്ന നിബന്ധന സർക്കാർ ഏടുത്തുമാറ്റിയിട്ടുണ്ട്. എന്നാൽ, യൂറോപ്പിതര രാജ്യങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ രാജ്യത്ത് കർശനമായി തുടരും. ജനങ്ങൾ വീടിനുള്ളിലും പൊതു സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മറ്റുള്ളവരുമായി അഞ്ചടി അകലം പാലിക്കണം. പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ അണുവിമുക്തമാക്കണം.
രണ്ട് ദശലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. ഇതുവരെ 1,464 കേസുകളും 103 മരണവും റിപ്പോർട്ട് ചെയ്തു.