മദ്യശാലകൾ അടച്ചിടാൻ ഹർജി: അഭിഭാഷകന് 1 ലക്ഷം രൂപ പിഴ
ന്യൂഡൽഹി:ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ തുറക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി.മദ്യശാലകളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി സമർപ്പിച്ച പ്രശാന്ത് കുമാർ എന്ന അഭിഭാഷകനാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് പിഴ ചുമത്തിയത്.വീഡിയോ കോൺഫറൻസിലൂടെയാണ് വാദം നടന്നത്. രാജ്യത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്നായിരുന്നു പ്രശാന്ത് കുമാറിന്റെ വാദം. എന്നാൽ, അതും മദ്യവില്പനയുമായി എന്താണ് ബന്ധമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ഒരേ ആവശ്യമുന്നയിച്ച് നിരവധി ഹർജികൾ സമർപ്പിക്കുന്നുണ്ട്. പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ആർട്ടിക്കിൾ 32 പ്രകാരം ആർക്കും സുപ്രീംകോടതി സമീപിക്കാം. എന്നാലിത് ആർട്ടിക്കിൾ 32ന്റെ അധികാര പരിധിയിൽ വരുന്നതല്ല. പ്രശസ്തിക്ക്‌വേണ്ടി ഇത്തരം ഹർജി സമർപ്പിക്കുന്നവരിൽ നിന്ന്പി ഴ ഈടാക്കും- ജസ്റ്റിസ് നാഗേശ്വര റാവു പറഞ്ഞു.