കർണാടകയെ വിറപ്പിച്ച അധോലോക നായകൻ മുത്തപ്പ റായ് അന്തരിച്ചു

Saturday 16 May 2020 12:01 AM IST

ബംഗളൂരു: കർണാടകയിലെ മുൻ അധോലോക നായകൻ എൻ. മുത്തപ്പ റായ് (68)​ അന്തരിച്ചു. തലച്ചോറിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ദക്ഷിണ കന്നഡയിലെ പുത്തൂരിൽ തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തിലാണ് മുത്തപ്പയുടെ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ കുറ്റവാളിയായി. കൊലപാതകം, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായി.

ബംഗളൂരുവിൽ ബാങ്ക് ജീവനക്കാരനായിരിക്കെ, മുത്തപ്പ പതിയെ ഡാൻസ് ബാറുകളുടെയും റസ്റ്റോറന്റുകളുടെയും മുതലാളിയായി മാറി. പിന്നീട് രാജ്യം വിട്ട മുത്തപ്പയെ 2002ൽ യു.എ.ഇ ഇന്ത്യയിലേക്ക് നാടുകടത്തി. സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ, റോ, കർണാടക പൊലീസ് തുടങ്ങി നിരവധി ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ പല കേസുകളിലും വെറുതെ വിട്ടു. പിന്നീട് മാനസാന്തരപ്പെട്ട മുത്തപ്പ 'ജയ കർണാടക" എന്ന പേരിൽ ചാരിറ്റബിൾ സംഘടന രൂപീകരിച്ച് പാവപ്പെട്ടവരെ സഹായിച്ചു. തുളു, കന്നഡ സിനിമകളിൽ അഭിനയിച്ചു. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ മുത്തപ്പയുടെ ജീവിതം ആസ്‌പദമാക്കി,​ വിവേക് ഒബ്‌റോയിയെ നായകനാക്കി സിനിമ സംവിധാനം ചെയ്‌തെങ്കിലും ഇതുവരെ തിയേറ്ററിലെത്തിയില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ സെനഗലിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട അധോലോക നായകൻ രവി പൂജാരിയുമായുള്ള ബന്ധത്തെച്ചൊല്ലി ക്രൈംബ്രാഞ്ച് മുത്തപ്പയെ ചോദ്യം ചെയ്തിരുന്നു.