ഗുജറാത്ത് നിയമ മന്ത്രിയെ അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

Saturday 16 May 2020 2:18 AM IST

SUPREME COURT

ന്യൂഡൽഹി: ഗുജറാത്ത് നിയമ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ അശ്വിൻ റാത്തോഡിന്റെ ഹർജിയിലാണ് ഗുജറാത്ത് ഹൈക്കോടതി ബി.ജെ.പി മുതിർന്ന നേതാവും നിയമ മന്ത്രിയുമായ ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.

2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. നിലവിൽ ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാർലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ. വോട്ടെണ്ണൽ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവർത്തനങ്ങൾക്ക് പങ്കാളിയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.