റാഫേൽ യുദ്ധവിമാനങ്ങൾ: ആദ്യബാച്ച് ജൂലായിൽ
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ചായി നാല് വിമാനങ്ങൾ ജൂലായ് അവസാനത്തോടെ ഇന്ത്യയിലെത്തും. ഇവയിൽ ഒന്ന് ഒറ്റ സീറ്റുള്ള പോർവിമാനവും മൂന്നെണ്ണം രണ്ട് സീറ്റുകളുള്ള പരിശീലന വിമാനങ്ങളും ആയിരിക്കും.
ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാകും ഇവ വിന്യസിക്കുക. ചൈന, പാക് അതിർത്തികളിൽ ഇന്ത്യ സ്ഥിരമായി ഭീഷണി നേരിടുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ ചിറകുകളാകാൻ റാഫേൽ വരുന്നത്.
മൊത്തം 36 റാഫേൽ വിമാനങ്ങളാണ് വാങ്ങുന്നത്.മേയിൽ ഇന്ത്യയിലെത്തേണ്ട വിമാനങ്ങൾ കൊവിഡ് വ്യാപനത്തെ തുടർന്നാണ് വൈകിയത്. നാലെണ്ണത്തിൽ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. ആദ്യഘട്ടത്തിൽ ഏഴ് പൈലറ്റുമാർക്ക് ഫ്രാൻസിൽ പരിശീലനം നൽകി. രണ്ടാമത്തെ ബാച്ചിനെ ഉടൻ അയയ്ക്കും.
കോക്പിറ്റ് ചെറുതായതിനാൽ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പത്ത് മണിക്കൂർ ഒറ്റയടിക്ക് പറക്കുക പ്രയാസമാണ്. അതിനാൽ ഒരു ഗൾഫ് രാജ്യത്ത് ഇറങ്ങും. അതിന് മുമ്പ് ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനവും ഗൾഫിൽ നിന്ന് ടേക്കോഫ് ചെയ്‌ത ശേഷം ഇന്ത്യയുടെ ടാങ്കർ വിമാനവും ആകാശത്ത് വച്ച് ഇവയിൽ ഇന്ധനം നിറയ്ക്കും.
റഫേലിന്റെ ശക്തി
♦ നിലവിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയർഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്റ്റ് എയർഫോഴ്സ്, ഖത്തർ എയർഫോഴ്സ്
♦എയർ ടു എയർ, എയർ ടു ഗ്രൗണ്ട് പ്രഹരശേഷി.
♦ ആധുനിക ആയുധങ്ങളും ഘടിപ്പിക്കാനാകും.
♦ രാത്രിയും പകലും ആക്രമണം നടത്താനാകും
നീളം 15.27 മീറ്റർ
ഭാരം 9,979 കിലോ
വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ
3700 കിലോമീറ്റർ പരിധി