കാസർകോട്ടെ പൊതുപ്രവർത്തക ദമ്പതികളുടെ സമ്പർക്ക പട്ടിക ഉണ്ടാക്കൽ വെല്ലുവിളി

Friday 15 May 2020 11:04 PM IST

കാസർകോട്: പത്തു പേർക്ക് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ പൊതുപ്രവർത്തക ദമ്പതികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലിവിളിയാകുന്നതായി ആരോഗ്യ വകുപ്പ്.

പൊതുപ്രവർത്തകന്റെ ഭാര്യ ജനപ്രതിനിധിയാണ്. പൈവളികെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിലും സമൂഹ അടുക്കളയിലും ഇവർ സജീവ സാന്നിദ്ധ്യമായിരുന്നെന്നും പൊതുപ്രവർത്തകൻ മൂന്നു തവണയെങ്കിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. പൊതുപ്രവർത്തക ദമ്പതികളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക അസാദ്ധ്യം എന്നാണ് പറയുന്നത്.

ദമ്പതികളുടെ രണ്ടു കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്നതാണ് പൊതുപവർത്തകനും 35 വയസുള്ള ഭാര്യയും.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന് രോഗം പകർന്നത് ഇയാളിൽ നിന്നാണെന്ന് സംശയിക്കുന്നു. നീലേശ്വരം നഗരസഭയിലെ എക്‌സ്‌റേ ടെക്‌നീഷ്യനാണ് രോഗബാധ ഉണ്ടായത്. മേയ് 12 ന് ആണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്.