'ജീവിതം വീണ്ടെടുത്തിട്ട് പോരെ സിനിമ? ചിത്രം എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
ലോക്ക്ഡൗൺ കാലത്ത് തീയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ നിരവധി സിനിമകളുടെ റിലീസാണ് വെെകുന്നത്. ഇതോടെ ചിത്രങ്ങൾ ഓൺലെെൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു മിക്ക നിർമ്മാതാക്കളും. സിനിമകളുടെ ഓൺലെെൻ റിലീസ് തീയേറ്റർ ഉടമകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സൂഫിയും സുജാതയുടേയും നിർമ്മാതാവായ വിജയ് ബാബുവിനെതിരെ തീയേറ്റർ ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും എത്തിയിരിക്കുകയാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമാതാക്കളും, ഏതു സിനിമ പ്രദർശിപ്പിക്കണമെന്ന് തീയേറ്റേഴ്‌സും തീരുമാനിക്കട്ടെയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ഇനി സിനിമ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവിൽ എല്ലാവർക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രമാണെന്നും ലിജോ പറയുന്നു. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കൊവിഡ് 19 ഭീതിയിൽ ലോകമെങ്ങും തീയേറ്ററുകൾ പൂട്ടിയതോടെ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ് മിക്ക സിനിമകളും. പൊൻമകൾ വന്താൽ (തമിഴ്), ഗുലാബോ സിതാബോ (ഹിന്ദി), ലോ (കന്നഡ), പെൻഗ്വിൻ (തമിഴ്, തെലുങ്ക്), ഫ്രഞ്ച് ബിരിയാണി (കന്നഡ), ശകുന്തള ദേവി:(ഹിന്ദി), സൂഫിയും സുജാതയും (മലയാളം) എന്നിങ്ങനെ ഏഴോളം സിനിമകളാണ് ഓൺലൈനിൽ റിലീസ് ചെയ്യാനായി ഇരിക്കുന്നത്.