അമേരിക്കയിൽ ശക്തമായ ഭൂചലനം, 66 വർഷങ്ങൾക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ചലനം

Saturday 16 May 2020 3:17 PM IST

കർസൺ സിറ്റി : യു.എസിൽ നെവേഡയിൽ റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 4.03 ഓടെ ലാസ്‌വേഗാസിന് 225 മൈൽ വടക്ക്പടിഞ്ഞാറ് കാലിഫോർണിയ അതിർത്തിക്ക് സമീപമുള്ള നെവേഡയിലെ വിദൂര മേഖലയിലാണ് ശക്തമായ ചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

1954ന് ശേഷം ഇതാദ്യമായാണ് നെവേഡയിൽ ഇത്രയും വ്യാപ്തി കൂടിയ ചലനം രേഖപ്പെടുത്തുന്നത്. റീനോ - റ്റാഹോ മേഖലയിലാണ് ചലനം ഉണ്ടായത്. കാലിഫോർണിയയിലെ സാൻ വാകീൻ, സാക്രമെൻറ്റോ താഴ്വരകളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, റോഡുകളിലും വീടുകളുടെ ജനൽപാളികളിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. വരുന്ന ഏഴ് ആഴ്ചക്കുള്ളിൽ ചെറു ചലനങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. റിക്ടർ സ്കെയിലിൽ 6.5 ന് മുകളിലുള്ള ചലനങ്ങൾ ഉണ്ടാകാൻ നാല് ശതമാനം മാത്രം സാദ്ധ്യതയേ ഉള്ളുവെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.