രാജ്യത്ത് റെക്കാഡ് കൊവിഡ് രോഗികൾ; 24 മണിക്കൂറിൽ 5,000 പുതിയ കേസുകൾ, 120 മരണം

Monday 18 May 2020 4:18 AM IST

ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക്‌ഡൗൺ അവസാനിച്ച ഇന്നലെ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. ഇരുപത്തിനാല് മണിക്കൂറിൽ 4,987 പുതിയ രോഗികൾ. ആകെ മരണം 120. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം - 91,382 .ആകെ മരണം - 2,901.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത്.രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ 34 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 1,606 പേർക്കാണ് സ്ഥിരീകരിച്ചത്. 67 പേർ മരിച്ചു. ഗുജറാത്ത്- 1,057, തമിഴ്‌നാട് -477, ഡൽഹി -422 , രാജസ്ഥാൻ- 233, ഉത്തർപ്രദേശ് -201, മദ്ധ്യപ്രദേശ്- 194, ബിഹാർ- 161, പശ്ചിമബംഗാൾ- 115, ജമ്മുകാശ്മീർ -108 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

ഡൽഹിയിൽ ഇന്നലെ 19 കൊവിഡ് മരണം. 422 പുതിയ കേസുകൾ. ആകെ രോഗികൾ 9,755. ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും ക്വാറന്റൈനിലാക്കി.

രാജസ്ഥാനിൽ 123 പുതിയ രോഗികൾ. ആകെ 5,083. ജയ്‌പൂരിലെ സെൻട്രൽ ജയിലിലും രണ്ട് ജില്ലാ ജയിലിലുമായി 14 പേർക്ക് കൊവിഡ് .

തെലങ്കാനയിലെ മദനപേട്ടയിലെ അപ്പാർട്ട്മെന്റിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 25 പേർക്ക് കൊവിഡ്.

കൊവിഡ് പരിശോധനയ്‌ക്ക് 2000 രൂപ ഫീസ് ഏ‌ർപ്പെടുത്തി ഗോവ

ബിഹാറിലെ സമസ്ഥിപൂരിൽ സ്കൂളിലൊരുക്കിയ ക്വാറന്റൈൻ ക്യാമ്പ് വെള്ളത്തിൽ മുങ്ങി

ഇന്ത്യയ്ക്ക്

11-ാം സ്ഥാനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്തായി ഇന്ത്യ.ആദ്യത്തെ 75 ദിവസത്തിനുള്ളിൽ പതിനായിരം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 22 ന് 20,000 ആയി ഉയർന്നു. പിന്നീടുള്ള ഏഴുദിവസത്തിനുള്ളിൽ മുപ്പതിനായിരമായി. വീണ്ടും നാല് ദിവസത്തിനുള്ളിൽ നാൽപ്പതിനായിരമായി. ശേഷം 12 ദിവസത്തിനുള്ളിൽ 90,000 കടന്നു.