യു.പി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമം പിൻവലിച്ചു

Monday 18 May 2020 2:33 AM IST
UP GOV

ലക്‌​നൗ: ഉത്തർപ്രദേശിൽ ദൈനംദിന ജോലി സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായിക്കൊണ്ടുള്ള നിയമം യോഗി ആദിത്യനാഥ്​ പിൻവലിച്ചു. നിയമത്തിനെതിരെ തൊഴിലാളി സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണിത്.

1948ലെ ഫാക്ടറി നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുന്ന വിജ്ഞാപനമാണ്​ മേയ്​ എട്ടിന്​ സർക്കാർ പാസാക്കിയത്​. ഇതുപ്രകാരം, തൊഴിലാളികളുടെ ജോലി സമയം കൂട്ടുകയും ഫാക്ടറി ഉടമകൾക്ക് ഇളവുകൾ നൽകുകയും ചെയ്​തു.

ഇതിനെതിരെ യു.പി വർക്കേഴ്സ് ഫ്രണ്ട് എന്ന സംഘടന​ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് കോടതി തൊഴിൽ സമയം വർദ്ധിപ്പിക്കാനുള്ള വിജ്ഞാപനം പിൻവലിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. കേസ്​ വീണ്ടും പരിഗണിക്കാനിരിക്കെയാണ്​ സർക്കാർ വിജ്ഞാപനം പിൻവലിച്ചത്​.

ബി.എം.എസ് പ്രക്ഷോഭത്തിൽ

യു.പി, മദ്ധ്യപ്രദേശ്​, ഗുജറാത്ത്​ ​തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികൾക്കെ​തിരെ ആർ.എസ്.എസി​ന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ്​ പ്രക്ഷോഭത്തിന്​ ആഹ്വാനം ചെയ്​തിരുന്നു. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യവിരുദ്ധ രാജ്യങ്ങളിൽ പോലും നടപ്പാക്കാത്തതുമായ കാര്യങ്ങളാണ്​ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നതെന്നാണ്​ ബി.എം.എസ്​ ആരോപിച്ചത്​​.