ഏഴുവർഷങ്ങൾക്കിപ്പുറം 'ദൃശ്യ'ത്തിലെ വില്ലൻ വരുണിന് വന്ന മാറ്റം ; അമ്പരപ്പിച്ച് ചിത്രങ്ങൾ
Sunday 17 May 2020 10:13 PM IST
മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം. തമിഴിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിലെ കൗമാരക്കാരനായ വില്ലൻ വരുണിനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോഷൻ ബഷീർ. 2013ൽ ‘ദൃശ്യ’ത്തിൽ അഭിനയിക്കുമ്പോൾ റോഷന് 22 വയസാണ് പ്രായം. എന്നാൽ ഏഴു വർഷം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലേക്ക് മാറിയിരിക്കുകയാണ് ഈ യുവനടൻ.
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. പിതാവിനെ പിന്തുതുടർന്ന് അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.
ബാങ്കിംഗ് അവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ എന്നീ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. എന്നാൽ ‘ദൃശ്യ’ത്തിലെ വരുൺ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പവും റോഷൻ അഭിനയിച്ചിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷൻ അഭിനയിച്ചു.