മണ്ടംപറമ്പിൽ വീണ്ടും വീടിന് നേരെ ആക്രമണം: നാല് വയസുകാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

Monday 18 May 2020 12:57 AM IST

എരുമപ്പെട്ടി: എരുമപ്പെട്ടി മണ്ടംപറമ്പിൽ വീടിന് നേരെ ആക്രമണം. പ്രവാസിയായ പയിറ്റാംകുന്നത്ത് സുരേന്ദ്രന്റെ വീടിന് നേരെ കല്ലേറ് നടത്തി. ഇന്നലെ പുലർച്ചെ 1.15 ഓടെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ മൂന്ന് പേരാണ് കല്ലേറ് നടത്തിയത്.

വീട്ടുകാർ ഉണർന്ന് ബഹളം വച്ചെങ്കിലും അക്രമികൾ കല്ലേറ് തുടർന്നു. വീട്ടുകാരുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് ഇവർ സ്ഥലം വിട്ടത്. സുരേന്ദ്രന്റെ ഭാര്യ സജിത, മകൻ ഉമേഷ്, ബന്ധുവായ പ്രഭിത, ഇവരുടെ നാല് വയസുകാരനായ മകൾ അനൽദേവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

സജിതയും യുവതിയും കുഞ്ഞും കിടന്നിരുന്ന റൂമിന്റെ ചില്ലുകളാണ് തകർന്നത്. കല്ലുകളും ചില്ലും ബെഡിൽ ചിതറികിടക്കുന്നുണ്ട്. ജനലിനടുത്ത് കിടന്നിരുന്ന കുഞ്ഞിന് ഭാഗ്യവശാൽ പരിക്കേറ്റില്ല. ഭയന്ന് കരഞ്ഞ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മണ്ടംപറമ്പ് പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം പതിവായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് മതിപ്പുറം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വടക്കേക്കര സന്ദീപിന്റെ വീടിന് നേരേയും ആക്രമണം നടന്നിരുന്നു. വീടിന്റെ കോമ്പൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് വലിയ പാറക്കല്ല് ഉപയോഗിച്ച് ഇടിച്ച് തകർത്തിരുന്നു. കഞ്ചാവ് മാഫിയ സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പറയുന്നു.

സന്ദീപിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിന്റെ വാട്‌സാപ് ശബ്ദ സന്ദേശം പുറത്തായിരുന്നു. മേഖലയിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് എ.സി.പി ടി.എസ്.സിനോജ് അറിയിച്ചു.

കാപ്

ജനൽ ചില്ല് കല്ലേറിൽ തകർന്ന നിലയിൽ.