തുരുത്തിലെ ഇവരുടെ ഏറുമാടം കളി കാര്യമായി
Monday 18 May 2020 1:24 AM IST
മാള: ലോക്ക് ഡൗണിൽ യാത്ര പോകാൻ ഇടമില്ലാതായതോടെ കളിയും കാര്യവുമായി മൂവർ സംഘം തുരുത്തിൽ ഏറുമാടം നിർമ്മിച്ചു. അന്നമനട പഞ്ചായത്തിൽ കുഴൂർ പഞ്ചായത്ത് അതിർത്തിയിലെ കല്ലാട്ട് തുരുത്തിലാണ് ഈ ഏറുമാടം. കുഴൂർ ചെങ്ങിനിയാടൻ ജോയ്, വെമ്പിൽ ഡേവിസ്, മഞ്ഞളി ജോസ് എന്നിവർ ചേർന്നാണ് നെൽവയലാൽ ചുറ്റപ്പെട്ട തുരുത്തിൽ ഏറുമാടം കെട്ടിയത്.
രണ്ടേകാൽ ഏക്കർ വരുന്ന ഈ തുരുത്തിൽ വിവിധ കൃഷികളും ആട് - പശു ഫാമും ഉണ്ട്. ഈ സ്ഥലത്തെ മുളകൾ എടുത്താണ് മരത്തിന് മുകളിൽ ഏറുമാടം ഒരുക്കിയത്. ലോക്ക് ഡൗൺ ആയതോടെ ഫാമിലും കൃഷിയിലുമായി കൂടുതൽ സമയം ചെലവഴിക്കുന്ന ഇവർ അൽപ്പം നേരമ്പോക്കിനായാണ് ഇതൊരുക്കിയതെങ്കിലും നിർമ്മാണം പൂർത്തിയായപ്പോൾ ഒരു കുടുംബത്തിന് സുഖമായി കഴിയാവുന്ന തരത്തിലായി. നെൽവയലാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ കാഴ്ച ആസ്വദിക്കാനും ഇവരുടെ സുഹൃത്തുക്കളും കുടുംബങ്ങളും എത്തുന്നുണ്ട്.