ക്വാറന്റൈനിൽ ഇരുന്ന് കൊവിഡ് ഐ.സി.യു. ഉദ്ഘാടനം
തൃശൂർ: തൃശൂർ ഗവ . മെഡിക്കൽ കോളേജിലെ കൊവിഡ് ഐ.സി.യു ഉദ്ഘാടനം ക്വാറന്റൈനിലിരുന്ന് ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. വാളയാറിൽ കുടുങ്ങിയ അയൽ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കുന്നതിനായി പോയതിനെ തുടർന്ന് ടി.എൻ പ്രതാപൻ എം.പി അടക്കമുള്ള ജനപ്രതിനിധികളോട് ക്വാറന്റൈനിൽ പോകുവാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. തുടർന്ന് സ്വന്തം വീട്ടിൽ ഇരുന്ന് വീഡിയോ കോൺഫറൻസ് വഴി എം.പി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. പ്രതിരോധ പ്രവർത്തനത്തിന് വേണ്ടി പ്രാദേശിക വികസന ഫണ്ടിൽനിന്നും രണ്ടു കോടി അഞ്ച് ലക്ഷം രൂപ എം.പി അനുവദിച്ചിരുന്നു. അതിൽ 25 ലക്ഷം രൂപ ചെലവിട്ടാണ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഐ.സി.യുവിന്റെ പണി പൂർത്തീകരിച്ചത്. പരിപൂർണമായും ഇന്ത്യൻ നിർമ്മിത സാങ്കേതിക സംവിധാനമാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചിട്ടുള്ളത്. മൂന്നാഴ്ചകൊണ്ട് പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഈ പദ്ധതിയിലേക്ക് 10 ഐ.സി.യു കോട്ട് ഈ മാസം 25നകം നൽകുമെന്നും എം.പി ഉദ്ഘാടനവേളയിൽ പറഞ്ഞു. ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ക്വാറന്റൈനിൽ ഇരുന്നുകൊണ്ടുതന്നെ ആലത്തൂർ എം.പി രമ്യ ഹരിദാസ്, അനിൽ അക്കര എം. എൽ. എയും മുഖ്യാതിഥികളായി.