തടവിൽ കഴിയുന്ന 161 ഇന്ത്യക്കാരെ അമേരിക്ക തിരികെ അയക്കും ലിസ്റ്റിൽ രണ്ട് മലയാളികളും

Tuesday 19 May 2020 3:35 AM IST

INDIANS IN DEPORTED IN AMERICA

വാഷിംഗ്ടൺ: അമേരിക്കൻ ജയിലിൽ തടവിൽ കഴിയുന്ന രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 161 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരികെ അയക്കുന്നു. മെക്‌സിക്കോ വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കുറ്റത്തിന് ജയിൽ ശിക്ഷ ലഭിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയായതിനെ തുടർന്നാണ് ഇവരെ ഇന്ത്യയിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചത്.

ഇവരെ ഈ ആഴ്ചയോടെ പ്രത്യേക വിമാനത്തിൽ പഞ്ചാബിലെ അമൃത്‌സറിലെത്തിക്കും. 76 പേർ ഹരിയാന സ്വദേശികളാണ്. പഞ്ചാബ് (56), ഗുജറാത്ത് (12), ഉത്തർപ്രദേശ് (അഞ്ച്), മഹാരാഷ്ട്ര (നാല്), തെലങ്കാന (രണ്ട്), തമിഴ്‌നാട് (രണ്ട്), ആന്ധ്രാപ്രദേശ് (ഒന്ന്), കേരളം (രണ്ട്) ഗോവ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം. സംഘത്തിലെ രണ്ട് പേർ സ്ത്രീകളാണ്.അമേരിക്കയിലെ 95 ജയിലുകളിലായി കഴിയുന്ന 1739 ഇന്ത്യക്കാരിൽ നിന്നാണ് ഇത്രയും പേരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സാത്‌നം സിംഗ് ചാഹൽ പറഞ്ഞു. ഐ.സി.ഇ റിപ്പോർട്ട് പ്രകാരം 2018ൽ ഇന്ത്യയിലേക്ക് 611 പേരെയും 2019ൽ 1616 പേരെയും തിരിച്ചയച്ചിരുന്നു.