ഞങ്ങളും മാലാഖമാർ തന്നെ !

Tuesday 19 May 2020 4:47 AM IST

കിളിമാനൂർ: മാലാഖമാർ എന്ന വിശേഷണം ഇല്ലെങ്കിലും ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്നവരാണ് ലാബ് ടെക്‌നിഷ്യന്മാരും. കൊവിഡ് കാലത്ത് വിവിധ മേഖലയിലുള്ളവരെ പ്രകീർത്തിക്കുമ്പോഴും തങ്ങളെ ആരും പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യന്മാർക്ക് 12 മണിക്കൂറാണ് ജോലി. സ്രവ പരിശോധനയിൽ സുപ്രധാന പങ്കുവഹിക്കുന്ന നൂറുകണക്കിന് ലാബ് ടെക്‌നിഷ്യന്മാരാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലെ ലാബുകളിലെയും ആശുപത്രികളിലെയും ടെക്‌നീഷ്യന്മാർക്ക് വേണ്ടത്ര സുരക്ഷാ കവചങ്ങൾ പോലുമില്ലെന്നാണ് പരാതി. മഴക്കാലത്ത് പനി വ്യാപിക്കുന്നതോടെ ഇവരുടെ ജോലി ഇരട്ടിയാകും. രാവിലെ എട്ടിന് മുൻപ് തുടങ്ങുന്ന ജോലി രാത്രി 10 വരെ നീളും. സംസ്ഥാനത്തുള്ള ലാബ് ടെക്‌നീഷ്യന്മാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പലരും ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരാണ്. ജോലിത്തിരക്ക് കാരണം ലാബ്‌ ടെക്‌നീഷ്യന്മാർക്ക് പലപ്പോഴും അന്നന്ന് വീട്ടിലെത്താൻ കഴിയാറില്ല. 12 മണിക്കൂർ സേവനം ചിലപ്പോൾ രാത്രിയിലും തുടരും. സ്ഥിരമായി യാത്ര ചെയ്യാനാകില്ലെന്നതു പരിഗണിച്ച് പലരും രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ജോലി ചെയ്യുകയാണ്.

കഠിനപ്രയത്നം വേണം

കൊവിഡ്കാലത്ത് ലാബ് ടെക്‌നീഷ്യന്റെ ജോലിയിൽ തന്നെ മാറ്റം വന്നിട്ടുണ്ട്. ലാബിൽ കയറിയാൽ പിന്നെ, അതീവ സുരക്ഷ വസ്ത്രം (പി.പി.ഇ) ധരിച്ച് ജോലി തുടങ്ങുകയാണ്. വൈറൽ ട്രാൻസ്‌പോർട്ട് മീഡിയയിൽ വന്ന സാമ്പിളുകളുടെ പെട്ടി തുറക്കുന്നതോടെ ശ്വാസമടക്കിപ്പിടിച്ച ജോലി. പെട്ടി തുറന്ന് സാമ്പിളുകൾ നിരത്തും മുമ്പ് രോഗികളുടെ ഡാറ്റ കൃത്യമാണെന്ന് ഉറപ്പുവരുത്തി രജിസ്റ്ററിൽ എഴുതണം. സാമ്പിളിന്റെ ക്വാളിറ്റി, ലേബലിങ് എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തിയാണ് ടെസ്റ്റ് തുടങ്ങുക. അടുത്ത ഘട്ടത്തിൽ ദുർഘടമായ ആർ.എൻ.എ എക്സ്ട്രാക്ഷൻ, റീ ഏജന്റ് പ്രൈമിംഗ്, തെർമോ സൈക്ലർ, ഡി.എൻ.എ ആംപ്ലിഫിക്കേഷൻ തുടങ്ങിയ നടപടികൾ പൂർത്തിയാകണം. ഇതിനിടെ മൂന്നുമണിക്കൂറിൽ പി.പി.ഇ വസ്ത്രം ഇങ്ങനെ നീണ്ടു പോകുന്നു ഇവരുടെ ഒരു ദിവസം. രോഗം പകരാൻ സാദ്ധ്യതയുള്ള ഇവർ ഏറെ ആശങ്കയോടെയാണ് ജോലി ചെയ്യുന്നത്.

സർക്കാർ ആശുപത്രിയിലെ

ലാബ് ടെക്‌നീഷ്യന്മാർ - 2200ലധികം

ജോലി സമയം - 12 മണിക്കൂറിലേറെ

പലർക്കും സുരക്ഷാ കവചങ്ങൾ ഇല്ലെന്ന് പരാതി