ഹോട്ടലുകൾ തുറക്കാൻ അനുവദിക്കണം:കെ.എച്ച്.ആർ.എ.

Tuesday 19 May 2020 12:20 AM IST

ആലപ്പുഴ: ലോക്ക്ഡൗൺ നാലാംഘട്ടം രാജ്യത്ത് ആരംഭിച്ചപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സാമൂഹ്യ അകലം പാലിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തത് നിരാശാജനകമാണെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകുവാൻ അനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം ചെറുകിട, ഇടത്തരം ഹോട്ടലുകൾക്കും അതിനുള്ള സാഹചര്യമില്ല. ഓൺലൈൻ ഭക്ഷണ വിതരണം നടക്കുന്നത് ഉയർന്ന നിലവാരത്തിലുള്ള ഹോട്ടലുകളിൽ മാത്രമാണ്. വൻകിട കുത്തക ഓൺലൈൻ കമ്പനികൾ ലോക്ക് ഡൗൺ മറയാക്കി വലിയ തുക കമ്മീഷൻ ഈടാക്കി ഉപഭോക്താക്കളെയും ഹോട്ടലുടമകളെയും ചൂഷണം ചെയ്യുകയാണ്. ഓൺലൈൻ ഭക്ഷണവ്യാപാരം ദീർഘകാലം തുടർന്നാൽ നിലവിലുള്ള ഭക്ഷണസംസ്‌കാരത്തെ പ്രതികൂലമായി ബാധിക്കും. ഓൺലൈൻ വ്യാപാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ഹോട്ടൽ റസ്റ്റോറന്റുകളുടെ നിലനിൽപ്പ് ഭീഷണിയിലാവും. മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക് തുറക്കാൻ നൽകിയിട്ടുള്ള മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി.ജയപാലും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.