കൊവിഡ് വാക്സിൻ പരീക്ഷണം ; ആദ്യഫലങ്ങൾ ശുഭസൂചനയെന്ന് അമേരിക്കൻ സ്ഥാപനം,​ അവസാനഘട്ട പരീക്ഷണം ജൂലായിൽ

Monday 18 May 2020 9:32 PM IST

വാഷിംഗ്ടൺ : കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ നിന്ന് ലഭിച്ച ഇടക്കാലഫലങ്ങൾ വിജയകരമെന്ന് അമേരിക്കൻ ബയോടെക്നോളജി സ്ഥാപനം. വാക്‌സിൻ ആദ്യം പരീക്ഷിച്ച കുറച്ച്പേരിൽ നിന്ന് ലഭിച്ച ഫലം പ്രതീക്ഷ നൽകുന്നതാണെന്ന് അമേരിക്കൻ ബയോടെക്നോളജി സ്ഥാപനമായ മോഡേണയാണ് അറിയിച്ചത്. എട്ടുപേരിൽ നടത്തിയ പരീക്ഷണത്തിൽ mRNA-1273 വാക്‌സിൻ അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചതായി മോഡേണ അവകാശപ്പെടുന്നു.

രോഗമുക്തി നേടിയവരിൽ കാണുന്ന പ്രതിരോധ ശേഷിയാണ് വാക്‌സിൻ എടുത്തവരിലും കാണാൻ കഴിഞ്ഞതെന്നാണ് മോഡേണയെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 45 പേരിൽ നടത്തിയ ആദ്യഘട്ട വാക്‌സിൻ പരീക്ഷണത്തിന്റെ പൂർണഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് മോഡേണ അവകാശപ്പെടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് വാക്‌സിന്റെ ക്ലിനിക്കൽ ടെസ്റ്റ് നടത്തിയത്. അമേരിക്കൻ ഗവൺമെന്റും വാക്‌സിൻ വികസിപ്പിക്കാനുള്ള പദ്ധതിയിൽ പങ്കാളികളാണ്.

മൂന്ന് ഗ്രൂപ്പുകളായി 15 പേരാണ് വാക്‌സിന്റെ വിവിധ ഡോസുകൾ എടുത്തത്. രണ്ടാംഘട്ടത്തിൽ കൂടുതൽ പേരിൽ പരീക്ഷണം നടത്തുമെന്ന് മോഡേണ അവകാശപ്പെടുന്നു. വാക്‌സിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള മൂന്നാമത്തെയും അവസാനത്തെയും സുപ്രധാനവുമായ പരീക്ഷണം ജൂലായിൽ നടക്കും.