രോഗബാധിതർ ലക്ഷത്തിലേക്ക്, മരണം മൂവായിരം കടന്നു

Tuesday 19 May 2020 2:09 AM IST

COVID IN INDIA UPDATES

24 മണിക്കൂറിനിടെ 5,242 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊവിഡ് കേസുകൾ ഒരു ലക്ഷത്തോടടുക്കുന്നു. ഇതുവരെ 96,169 പേരെയാണ് രോഗം ബാധിച്ചത്. ഇന്നലെ 157 പേർ കൂടി മരിച്ചതോടെ മരണം 3029 ആയി. 24 മണിക്കൂറിനിടെ 5,242 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 56,316 പേരാണ് ചികിത്സയിലുള്ളത്. 36,824 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 38.29 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 2715 പേരാണ്. നിലവിൽ രാജ്യത്ത് ഒരു ലക്ഷം പേരിൽ 7.1 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് ഇത് ലക്ഷത്തിന് 60 എന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകൾ പതിനായിരം കടന്നു. 299 പുതിയ കേസുകളും 12 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. മരിച്ചവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടെന്ന് ഡൽഹി സർക്കാർ തീരുമാനിച്ചു. അതേസമയം മരിച്ചയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ ഇത് കൊവിഡ് മരണമായി കണക്കാക്കും.

ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ കൃഷി ഭവനിലെ മൃഗസംരക്ഷണ മന്ത്രാലയ ഓഫീസ് അടച്ചു. അണുവിമുക്തമാക്കിയശേഷം മേയ് 21ന് ഓഫീസ് തുറക്കും.ഡൽഹിക്കടുത്ത ഗ്രേറ്റർ നോയിഡയിലെ ഓപ്പോ മൊബൈൽ കമ്പനി ഫാക്ടറിയിൽ 6 ജീവനക്കാർക്ക് കൊവിഡ്. ഫാക്ടറിയുടെ പ്രവർത്തനം താത്കാലികമായി നിറുത്തി.

തമിഴ്‌നാട്ടിൽ 536 പുതിയ കേസുകൾ. മൂന്നു മരണം. ഇതിൽ 46 പേർ മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയവർ. തമിഴ്‌നാട്ടിലെ ആകെ കൊവിഡ് ബാധിതർ 11,760. മരണം 81. ചെന്നൈ കൊയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട കൊവിഡ് കേസുകൾ 2600 ആയി. രാജസ്ഥാനിൽ 299 പുതിയ കേസുകൾ. ഉത്തർപ്രദേശിൽ 158, ആന്ധ്രയിൽ 52, ബീഹാറിൽ 72, കർണാടകയിൽ 99, ഹരിയാനയിൽ 2, ഒഡിഷയിൽ 48 പുതിയ കേസുകൾ. എസ്.പി ഉൾപ്പെടെ 65 പൊലീസുകാർക്ക് ജമ്മുകാശ്മീരിലെ അനന്ത്‌നാഗിൽ കൊവിഡ് ബീഹാർ മിലിട്ടറി പൊലീസ് 14 ബറ്റാലിയനിലെ 46 പേർക്ക് കൊവിഡ് കാശ്മീരിൽ 5 ഡോക്ടർമാർക്ക് കൊവിഡ്

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയെയും കുടുംബത്തെയും ഉത്തർപ്രദേശിലെ ഭവാനയിൽ ഹോം ക്വാറന്റൈനിലാക്കി ഗോവയിൽ പത്ത് പുതിയ കേസുകൾ. കൊവിഡ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന രാജധാനി ട്രെയിനിന് -ഗോവയിൽ സ്‌റ്റോപ്പ് അനുവദിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശിൽ കുവൈറ്റിൽ നിന്ന് വന്ന 24 പേർക്ക് രോഗം സ്ഥിരീകരിച്ചു