മരിച്ചവർക്ക്​ കൊവിഡ്​ പരിശോധന വേണ്ട: ഡൽഹി സർക്കാർ​

Monday 18 May 2020 10:28 PM IST

DELHI

ന്യൂഡൽഹി: കൊവിഡ്​ പരിശോധനക്കായി മരിച്ചവരുടെ സ്രവം ശേഖരിക്കേണ്ടതില്ലെന്ന്​ ഡൽഹി സർക്കാർ. ഇതുസംബന്ധിച്ച്​ ആശുപത്രികൾക്ക് നിർദേശം നൽകി. ആരോഗ്യപ്രവർത്തകരുടെ സമയവും പരിശോധന കിറ്റുകളും ലാഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ്​ പുതിയ തീരുമാനം.

മരണകാരണം കൊവിഡാണെന്ന് പ്രഥമിക പരിശോധനയിൽ ഡോക്ടർമാർക്ക്​ ബോദ്ധ്യമുണ്ടെങ്കിൽ സാമ്പിൾ ശേഖരിച്ചുള്ള ലാബ്​ പരിശോധന വേണ്ടെന്ന്​ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പദ്മിനി സിംഗ്ല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 'പലപ്പോഴും വീട്ടിൽ കിടന്ന് മരിക്കുന്നവർക്കു പോലും കൊവിഡ് പരിശോധന നടത്തണമെന്ന് പലരും ആവശ്യപ്പെടുന്നു. ഇത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല.

മറ്റ് സംസ്ഥാനങ്ങളും വൈറസ് ബാധിച്ച് മരിച്ചവരുടെ പരിശോധന നിർത്തിയതായി 'സർക്കാർ വക്താവ് പറഞ്ഞു.രോഗികളുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിനും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​.