രോഗബാധിതന്റെ കുടുംബത്തിന്റെ പരിശോധനാഫലം നെഗറ്റീവ്

Monday 18 May 2020 10:52 PM IST

കട്ടപ്പന: കൊവിഡ് ബാധിതനായ ബേക്കറി ഉടമയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്. ബേക്കറി ഉടമയുടെ ഭാര്യ, രണ്ട് മക്കൾ, അളിയൻ, ഇയാളുടെ മകൻ എന്നിവരുടെ സ്രവപരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. കരുണാപുരം പഞ്ചായത്തിലെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മൂന്നുപേരുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം വണ്ടൻമേട് പഞ്ചായത്തിലെ സമ്പർക്ക പട്ടിക 260ലെത്തി. ഇവരിൽ 18 പേരുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ഇന്ന് 35 പേരുടെ അയയ്ക്കും. കൊവിഡ് സ്ഥിരീകരിച്ചതോടെ കരുണാപുരം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. പ്രാഥമിക സമ്പർക്കത്തിലുള്ള എട്ടു പേരും ഇവരുമായി സമ്പർക്കത്തിലുള്ള 24 പേരുമാണ് പട്ടികയിലുള്ളത്. പഞ്ചായത്തിലെ കടയുടമകൾ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ റാൻഡം സാമ്പിൾ പരിശോധനയും നടന്നുവരുന്നു.