വളർത്തുനായ പന്നിപ്പടക്കം പൊട്ടി തല ചിതറി ചത്തു

Monday 18 May 2020 10:56 PM IST

മറയൂർ :വായയിൽ പന്നിപ്പടക്കം കടിച്ചുപിടിച്ച് എത്തിയ നായ പടക്കം പൊട്ടിയതിൽ തല ചിതറി ചത്തു. സമീപത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മിഷ്യൻ വയൽ ഗ്രാമത്തിലാണ് സംഭവം. മിഷ്യൻ വയൽ സ്വദേശി മോഹനന്റെ വളർത്തുനായയാണ് ചത്തത്.വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന മൂന്നു കുട്ടികളുടെ സമീപത്തേക്ക് വളർത്തുനായ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൊതി കടിച്ചു പിടിച്ചു കൊണ്ടുവരികയായിരുന്നു. മോഹനന്റെ മകൻ ധർമ്മ (16)ന്റെ കൈയിൽ വളർത്തുനായ പൊതി നല്കി. ധർമ്മ വാങ്ങി താഴെയിട്ടു. വീണ്ടും പൊതി കടിച്ചെടുത്ത നായയാണ് ചത്തത്. ധർമ്മന്റെ സഹോദരി നിത്യ (17), സമീപവാസി ഹൃദയരാജിന്റെ മകൻ അരുൺ (16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നായയുടെ തല പൂർണ്ണമായും ചിതറി തെറിച്ചു. മോഹൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.