പൊലീസ് - എക്സൈസ് റെയ്ഡ്: വാറ്റുമായി രണ്ട് പേർ അറസ്റ്റിൽ

Tuesday 19 May 2020 1:27 AM IST

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് എക്സൈസ് സംഘവും റെയ്ഡ് നടത്തി, രണ്ടിടത്ത് നിന്നും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രണ്ടിടങ്ങളിൽ നിന്നും ഓരോരുത്തർ അറസ്റ്റിലായി. എടവിലങ്ങ് ഗിരിജ പാലത്തിന് സമീപം കുഞ്ഞനംകാട്ട് ഹർഷാദ് ഇസ്മായിൽ (40) എന്നയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തപ്പോൾ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് നിന്നും മുല്ലപ്പറമ്പത്ത് ലവൻ (57) എന്നയാളെ എക്സൈസ് സംഘവും അറസ്റ്റ് ചെയ്തു. എടവിലങ്ങിൽ നിന്നും 30 ലിറ്റർ വാഷും ഒരു ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു. അഴീക്കോട് നിന്നും പത്ത് ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായാണ് പ്രതി അറസ്റ്റിലായത്. പ്രതികളെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്.