"ഓപ്പറേഷൻ ഒഴിപ്പിക്കൽ"...!
6.14ലക്ഷം കോടി രൂപയിൽ എത്ര പൂജ്യമുണ്ടാവും..? എളുപ്പത്തിൽ കൂട്ടിയെടുക്കാനാവില്ല. ഇത്രയും പണമാണ് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ പ്രവാസി ഇന്ത്യക്കാർ ഓരോവർഷവും ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഈ തുകയിൽ അഞ്ചര ശതമാനത്തിന്റെ വാർഷിക വളർച്ചയുമുണ്ടാവുന്നു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിലേക്കാണ് പ്രവാസിപ്പണത്തിന്റെ ഒഴുക്കേറെയും. നമ്മുടെ സമ്പദ് ഘടനയെ ചലനാത്മകമാക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന ഈ പണമാണ്. പക്ഷേ, കൊവിഡ് മഹാമാരി വിദേശരാജ്യങ്ങളിൽ ജീവനുകൾ കൊയ്തെടുത്തപ്പോൾ പ്രവാസികളെ കാര്യമായി സഹായിക്കാൻ നമുക്കായില്ല. ഇന്ത്യയിലെത്തിച്ച മൃതദേഹങ്ങൾ പോലും മടക്കിഅയച്ച് തുടക്കത്തിൽ നാം അവരോട് അനീതി കാട്ടി. പിന്നീട് അവർക്ക് നാട്ടിലെത്താൻ വിമാനങ്ങളയച്ചെങ്കിലും പണമീടാക്കിയത് കല്ലുകടിയായി.
കേരളത്തിൽ കൊവിഡ് മരണം നാല് മാത്രമാണെങ്കിൽ ലോകത്താകെ മരിച്ചത് 105 മലയാളികളാണ്. ഗൾഫിൽ മാത്രം മരണം അറുപത്. യു.എ.ഇയിൽ 43 മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് നാലരലക്ഷത്തിലേറെ മലയാളി പ്രവാസികൾ ജന്മനാടിന്റെ കരുതലിലേക്കെത്താൻ തിരക്കുകൂട്ടിയത്. മറ്റ് രാജ്യങ്ങൾ ചെയ്യുന്നതു പോലെ, ഒന്നോ രണ്ടോ ചാർട്ടേഡ് വിമാനങ്ങളയച്ച് കൊണ്ടുവരാവുന്ന സമൂഹമല്ല പ്രവാസി ഇന്ത്യക്കാർ. ഒന്നരക്കോടി ഇന്ത്യക്കാരുണ്ട് വിദേശത്ത്. മടങ്ങാൻ കാത്തുനിൽക്കുന്ന നാലരലക്ഷം മലയാളികൾ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളെക്കൂടി കണക്കിലെടുക്കുമ്പോൾ രാജ്യത്തിന് താങ്ങാനാവാത്ത ദൗത്യമായി ഇത് മാറും. രാജ്യത്തിന്റെ ഖജനാവിന്റെ സ്ഥിതി കൂടി പരിഗണിക്കുമ്പോൾ ചാർട്ടേഡ് വിമാനങ്ങളിലെ സൗജന്യയാത്ര സങ്കൽപ്പം മാത്രമായി മാറി.
വിൽക്കാൻ വച്ചത്
വേണ്ടപ്പെട്ടതായി
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ദൗത്യമേറ്റെടുത്തത് കേന്ദ്രസർക്കാർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന എയർഇന്ത്യയാണ്. പ്രതിദിനം 26 കോടി നഷ്ടമുണ്ടാക്കുന്ന എയർഇന്ത്യ വാങ്ങാനാളില്ലെങ്കിൽ പൂട്ടാൻ നിശ്ചയിച്ചിരിക്കെയാണ് കൊവിഡിന്റെ വിളയാട്ടം. ഒരു വശത്തേക്ക് കാലിയായി പറക്കുന്ന സർവീസായതിനാൽ ഇന്ധനക്കാശെങ്കിലും കിട്ടാതെ എയർഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനാവില്ല. അതിനാലാണ് സാധാരണ നിരക്കിന്റെ ഇരട്ടിയോളം തുക പ്രത്യേക സർവീസുകൾക്ക് നിശ്ചയിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. വിടചൊല്ലാൻ തയ്യാറായി നിന്ന നഷ്ടരാജൻ, രാജ്യം ഏൽപ്പിച്ച ദൗത്യം ഏറ്റെടുത്തു. കൊവിഡിനെ കൂസാതെ, പൈലറ്റുമാരും എയർഹോസ്റ്റസുമാരും അഭിമാനത്തോടെ വിദേശങ്ങളിലേക്ക് പറക്കുന്നു. പൈലറ്റുമാർ രോഗബാധിതരായിട്ടും തെല്ലും പതറാതെ എയർഇന്ത്യ സർവീസുകൾ കൃത്യമായി നടത്തുന്നു. മരണം താണ്ഡവമാടുന്ന അമേരിക്കയിലും ലണ്ടനിലും പറന്നിറങ്ങി പൗരന്മാരുമായി എയർ ഇന്ത്യ പറന്നുകൊണ്ടേയിരിക്കുന്നു.
സമുദ്ര സേതുവിന്റെ
സർവീസ് ചാർജ്ജ്
കടൽമാർഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചുമതല ഏറ്റെടുത്ത നാവികസേന ഓപ്പറേഷൻ സമുദ്ര സേതു വിജയകരമായി തുടങ്ങിയിട്ടുണ്ട്. യുദ്ധസമാന സാഹചര്യത്തിൽ കൂറ്റൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് ജലാശ്വ ഇറക്കി മാലെദ്വീപിൽ നിന്ന് എഴുനൂറോളം പൗരന്മാരെ എത്തിച്ചു. അഭിമാനകരമായ ദൗത്യമാണ് നാവികസേന നടത്തിയതെങ്കിലും, മാലെദ്വീപിൽ നിന്നെത്തിച്ചവരിൽ നിന്ന് 3000രൂപ സർവീസ് ചാർജായി ഈടാക്കിയത് കല്ലുകടിയായി. കൊച്ചിയിൽ നിന്ന് 900 കിലോമീറ്റർ മാത്രം അകലെയാണ് മാലെദ്വീപ്. മുപ്പതു മണിക്കൂർ യാത്ര. വിമാനത്തിൽ അരമണിക്കൂർ യാത്രയില്ല. കൊവിഡിനെ പേടിച്ച് രാജ്യം വിട്ടുപോകുന്നവർ തൊഴിൽ രാജിവച്ചോ ഉപേക്ഷിച്ചോ വേണം മടങ്ങാനെന്നാണ് മാലെദ്വീപ് സർക്കാരിന്റെ ഉത്തരവ്. രാജിവച്ച അദ്ധ്യാപകരിൽ നിന്ന് മൂന്നുമാസത്തെ ശമ്പളം നഷ്ടപരിഹാരം ഈടാക്കെയെന്നും വിവരമുണ്ട്. സാധാരണ തൊഴിലാളികളും അദ്ധ്യാപകരുമൊക്കെയാണ് മാലെദ്വീപിൽ നിന്ന് ജോലിയും ജീവിതമാർഗ്ഗവും നഷ്ടമായി മടങ്ങിയവർ. ഇവരിൽ നിന്നാണ് മാലെദ്വീപിലെ ഇന്ത്യൻ ഹൈകമ്മിഷൻ സർവീസ് ചാർജ്ജീടാക്കിയത്. യുദ്ധവിമാനങ്ങൾ കാശ്മീർ മുതൽ കന്യാകുമാരി വരെ പറന്ന് ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വർഷിച്ചയത്രയും ചെലവ് ഈ യാത്രയ്ക്കുണ്ടാവുമായിരുന്നില്ല.
ദക്ഷിണനാവിക കമാൻഡിന്റെ ശാർദ്ദൂൽ, ഐരാവത് കപ്പലുകൾ ദുബായിൽ അനുമതി കാത്തുകിടക്കുകയാണ്. യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് മൂന്നുദിവസവും ദുബായിലെ ജബൽഅലി തുറമുഖത്തുനിന്ന് നാലുദിവസവും യാത്രയുണ്ട് കൊച്ചിയിലേക്ക്. സാമൂഹ്യഅകലം പാലിച്ച് ശാർദ്ദൂലിലും ഐരാവതിലും 500 പ്രവാസികളെ കൊണ്ടുവരാം. മറ്റ് രാജ്യങ്ങളിലേക്ക് കപ്പൽ അയച്ച് പ്രവാസികളെ എത്തിക്കുന്നത് കേന്ദ്രം പരിശോധിക്കുന്നുണ്ട്. പക്ഷേ, ആഴ്ചകളെടുക്കുന്ന കപ്പൽയാത്ര രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്കയുമുണ്ട്.
കോരിത്തരിപ്പിക്കും,
യുദ്ധകാലത്തെ ആ ഒഴിപ്പിക്കൽ
ഇറാക്കിന്റെ കുവൈറ്റ് അധിനിവേശകാലത്ത് ഇരു രാജ്യങ്ങളിൽ നിന്നുമായി 1.71ലക്ഷം പൗരന്മാരെ സൗജന്യമായി ഒഴിപ്പിച്ച് ചരിത്രമെഴുതിയിട്ടുണ്ട് ഇന്ത്യ. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നായിരുന്നു ദൗത്യത്തിന്റെ പേര്. എം.മാത്യൂസ് എന്ന ടൊയോട്ട സണ്ണി, മുൻമന്ത്രി തോമസ് ചാണ്ടി, കുവൈറ്റിലെ വ്യവസായി കെ.ടി.ബി മേനോൻ, അന്നത്തെ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ, ജോർദ്ദാൻ ടൈംസിന്റെ പത്രാധിപരായിരുന്ന ഒറ്റപ്പാലത്തുകാരൻ ആനന്ദ്,
വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.പി ഫാബിയാൻ, എയർഇന്ത്യ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ വിജയൻനായർ എന്നിങ്ങനെയുള്ള മലയാളികളായിരുന്നു വിമാനമാർഗ്ഗമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിന്റെ നായകർ. 1990–91കാലത്ത് സദ്ദാംഹുസൈൻ കുവൈറ്റ് പിടിച്ചെടുത്ത് ഇറാഖിന്റെ പ്രവിശ്യയാക്കി മാറ്റിയപ്പോൾ, ഇന്ത്യൻ എംബസി ഇല്ലാതായി. കുവൈറ്റ് സ്ഥാനപതിയെ ബസ്രയിലെ കോൺസുലേറ്റിലേക്ക് മാറ്റി. ടൊയോട്ട സണ്ണിയുടെ നേതൃത്വത്തിലായിരുന്നു ചരിത്രമായി മാറിയ ആ എയർലിഫ്റ്റിംഗ്.
യുദ്ധവിമാനങ്ങളും മിസൈലുകളും കൂസാതെ, അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ വിദേശകാര്യമന്ത്രി ഐ.കെ ഗുജ്റാൾ ബാഗ്ദാദിലേക്ക് പറന്നു. സദ്ദാം ഹുസൈനെ കണ്ട് കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കണമെന്ന് ആവശ്യപ്പെട്ടു. കുവൈറ്റിലെയോ ബാഗ്ദാദിലേയോ വിമാനത്താവളങ്ങൾ തുറക്കാൻ അമേരിക്ക സമ്മതിച്ചില്ല. അമാൻ എയർപോർട്ട് തുറന്നു തരാൻ ഇന്ത്യ ജോർദാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജോർദ്ദാൻ ടൈംസിന്റെ പത്രാധിപർ ആനന്ദ് വഴി രാജാവിനെ സ്വാധീനിച്ചു. ജോർദ്ദാൻ തലസ്ഥാനമായ അമാനിലേക്ക് ബസിലെത്തിച്ച് അവിടെ നിന്നാണ് ഇന്ത്യക്കാരെ എയർഇന്ത്യ വിമാനങ്ങളിൽ ഒഴിപ്പിച്ചത്. മുഴുവൻ ഇന്ത്യക്കാരെയും സൗജന്യമായി മുംബയ് വിമാനത്താവളത്തിലെത്തിച്ചു. മുംബയിൽ നിന്ന് നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റും കൊടുത്തു, കൂടെ ആയിരം രൂപ പോക്കറ്റ് മണിയും.
59ദിവസമെടുത്ത് 488വിമാനങ്ങളിലായി ഇന്ത്യക്കാരെയെല്ലാം നാട്ടിലെത്തിച്ചു. ഇന്ത്യൻ സ്കൂളുകളിൽ അഭയ ക്യാമ്പുകൾ തുറന്നും കുബ്ബൂസ് ഫാക്ടറികളിൽ നിന്ന് ഒന്നരമാസത്തേക്കുള്ള ഭക്ഷണം ശേഖരിച്ചും നഷ്ടപ്പെട്ട പാസ്പോർട്ടുകൾ സംഘടിപ്പിച്ചും ഐക്യരാഷ്ട്രസഭയുടെ പിന്തുണ ഉറപ്പാക്കിയും ടൊയോട്ട സണ്ണിയാണ് ആ ദൗത്യത്തിന് വഴിയൊരുക്കിയത്. ഒരുദിവസം 14വിമാനങ്ങൾ വരെ അമാനിൽ നിന്ന് പറന്നു. വ്യോമസേനാ വിമാനങ്ങൾ എയർഇന്ത്യയെക്കൊണ്ട് ചാർട്ടർ ചെയ്യിപ്പിച്ചും വിമാനമാർഗ്ഗം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ദൗത്യം അവസാനിച്ചപ്പോൾ മടങ്ങുന്നില്ലന്നുറപ്പിച്ച പതിനായിരം ഇന്ത്യക്കാരാണ് കുവൈറ്റിൽ ശേഷിച്ചത്. ഇന്ത്യക്കാരെ മാത്രമല്ല, യുദ്ധമുഖത്ത് കുടുങ്ങിയ പാകിസ്ഥാനികളെയും ഇന്ത്യ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു.