അപകടങ്ങളിൽ 16 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

Wednesday 20 May 2020 2:52 AM IST
MIGRANT LABOURERS

ന്യൂഡൽഹി: രണ്ടുദിവസത്തിനിടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേശീയപാതകളിലെ അപകടങ്ങളിൽ ജീവൻ നഷ്ടമായത് 16 കുടിയേറ്റ തൊഴിലാളികൾക്ക്. ബീഹാറിലെ ഭഗൽപുർ ജില്ലയിൽ തൊഴിലാളികളെ കയറ്റിയ ട്രക്കും ബസുമായി കൂടിയിടിച്ച് 9 പേർമരിച്ചു. കൊൽക്കത്തയിൽ നിന്നും ബീഹാറിലേയ്ക്ക് മടങ്ങിയതായിരുന്നു തൊഴിലാളികൾ. ഇന്നലെ രാവിലെ ആറു മണിക്കാണ് അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ യവത് മലിൽ ഇന്നലെ ട്രക്കും ബസും കൂട്ടിയിടിച്ച് നാലു തൊഴിലാളികൾ മരിച്ചു. സോലാപ്പുരിൽ നിന്നു ജാർഖണ്ഡിലേക്കു തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മഹോബയിലെ ഝാൻസി-മിർസാപുർ ദേശീയപാതയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്കും ജീവൻ നഷ്ടമായി.