നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 49ആയി. ചെന്നൈയിൽ നിന്നുവന്ന ചെന്നൈ വിമാനതാവളത്തിൽ ജോലി ചെയ്യുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ നാഗർകോവിൽ പുത്തേരി സ്വദേശിയായ യുവാവിനും ഭാര്യയ്ക്കും മുംബയിൽ നിന്നു വന്ന തിക്കലൻവിള സ്വദേശിയായ 27 വയസുകാരനും 47 കാരിക്കും മാലദ്വീപിൽ നിന്നു വന്ന് കളിയിക്കാവിള ലോഡ്ജിൽ ക്വാറന്റൈനിലായിരുന്ന 31 വയസുള്ള യുവാവിനുമാണ് രോഗം. ഇവർ ആരുവാമൊഴി ചെക്ക്പോസ്റ്റിൽ എത്തിയപ്പോഴാണ് പരിശോധന നടത്തിയത്. തുടർന്ന് കന്യാകുമാരിയിലെ ലോഡ്ജിലും നിരീക്ഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു. പരിശോധനാഫലം കിട്ടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ജില്ലയിൽ 5 പേരാണ് രോഗമുക്തരായത്. ജില്ലയിൽ ഇതു വരെ 23 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 25 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഒരാളാണ് ഇതുവരെ മരിച്ചത്.