ശിവാജി പറഞ്ഞു: ''എന്നാ ശിങ്കാരം അന്ത പൊണ്ണുക്ക്''
ഇരുപത്തിനാലുവർഷം മുമ്പ് യാത്രാമൊഴി എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ശിവാജിഗണേശൻ മടക്കയാത്രയ്ക്കൊരുങ്ങുന്നു. കൂത്ത് കേട്ടിട്ടില്ല. അടുത്തിരുന്ന് കഥകളി കണ്ടിട്ടുമില്ല. ഇവ രണ്ടും അദ്ദേഹത്തിനായി ഏർപ്പാടാക്കണമെന്ന് കഥകളി ആസ്വാദകൻകൂടിയായ നെടുമുടിവേണു ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗോൾഫ് ക്ളബിൽ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് അദ്ദേഹത്തിന് ഒരു 'യാത്രാമൊഴി" ഒരുക്കുന്നു; 1995 നവംബർ 27ന്. ആ സായാഹ്ന സൽക്കാരവേളയിൽ ഇത് നടത്തണമെന്ന് നെടുമുടി പറഞ്ഞു. അമ്മന്നൂർ കൊച്ചുകുട്ടൻ ചാക്യാരുടെ കൂത്തും മാർഗി കളിയോഗത്തിന്റെ കല്യാണ സൗഗന്ധികം കഥകളിയും. രണ്ടിന്റെയും കഥ എനിക്കറിയാവുന്ന തമിഴിലും ഇംഗ്ളീഷിലുമായി ഞാൻ വിവരിച്ചു. അദ്ദേഹമത് ശ്രദ്ധാപൂർവം കേട്ടു. മാർഗി വിജയകുമാറിന്റെ പാഞ്ചാലി, ആറ്റിങ്ങൽ പീതാംബരന്റെ ഭീമൻ, രതീശന്റെ ഹനുമാൻ. കഥകളി അദ്ദേഹം പൂർണമായും ആസ്വദിച്ചു. നടികർ തിലകം അറിയാതെ പറഞ്ഞുപോയി, 'എന്നാ ശിങ്കാരം അന്ത പൊണ്ണുക്ക്!". തമിഴിൽ ശിങ്കാരം എന്നാൽ സൗന്ദര്യം എന്നർത്ഥം.
കഥകളിക്കാരുടെ കണ്ണുകൾ ചുവന്നിരിക്കുന്നതിന്റെ പൊരുൾ ഉൾപ്പെടെ പലതും അദ്ദേഹം ചോദിച്ചു. മുഖത്ത് വിസ്മയകരമായ ഭാവങ്ങൾ മിന്നിമറയുന്ന നടികർ തിലകം പറഞ്ഞു: 'ഇത് താൻ നടനം. മറ്റേത് വെറും നാട്യം." കഥകളിയുടെ ഭാവാഭിനയത്തിന് മുന്നിൽ സിനിമ ഒന്നുമല്ലെന്ന് ആ അതുല്യനടൻ പറഞ്ഞു. തിക്കുറിശിയും മോഹൻലാലും നെടുമുടി വേണുവും സാക്ഷി. പാഞ്ചാലിയായി വേഷമിട്ടത് സ്ത്രീയല്ലെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിനാവുന്നില്ല. 'അവ്വളവ് ശിങ്കാരം ഇരുക്ക് അന്ത പൊണ്ണുക്ക്". ഇൗ വിഷയത്തിൽ തിക്കുറിശിയും ഭാര്യയും തമ്മിൽ നടന്ന തർക്കത്തിന്റെ കഥ സ്വതസിദ്ധമായ ശൈലിയിൽ തിക്കുറിശി വിവരിച്ചു. ടെലിവിഷനിൽ വിജയന്റെ സ്ത്രീവേഷം കണ്ട് ഇൗ പെൺകുട്ടി നന്നായി കഥകളി അഭിനയിക്കുന്നുണ്ടല്ലോ എന്ന് തിക്കുറിശി. അത് പെണ്ണല്ല, മാർഗി വിജയകുമാർ എന്ന് എഴുതിക്കാണിച്ചത് കണ്ടില്ലേ എന്ന് ഭാര്യ. തർക്കം ഇതേവരെ തീർന്നിട്ടില്ല എന്ന് പറഞ്ഞ്, തിക്കുറിശി വിജയന്റെ ഉള്ളംകൈ പിടിച്ച് തലോടി നോക്കി. വിജയന്റെ വേഷം കണ്ട ഒരു ജർമ്മൻകാരൻ വിവാഹാലോചന നടത്തട്ടെ എന്നു ചോദിച്ച കഥ ബാബുപോൾ സാർ പ്രസംഗത്തിനിടെ പറയുന്ന കാര്യം ഒാർമ്മയിൽ വന്നു.
തുടക്കം
1970 ൽ തോന്നയ്ക്കൽ പീതാംബരനാശാനിൽ നിന്നും വിജയകുമാർ പഠനം ആരംഭിച്ചെങ്കിലും അത് തുടരാൻ കഴിഞ്ഞില്ല. 1975 ൽ വിജയൻ മാർഗിയിൽ ചേർന്നു. മാങ്കുളം തിരുമേനിയുടെയും ഇഞ്ചക്കാട്ട് രാമചന്ദ്രൻപിള്ളയുടെയും കീഴിൽ പ്രാഥമിക പഠനം. കൃഷ്ണൻനായരാശാൻ മാർഗിയിൽ പഠിപ്പിക്കാൻ വരുന്നുണ്ടെന്നറിഞ്ഞ് ഏറെ സന്തോഷിച്ചു. ആശാനോട് കടുത്ത ആരാധനയായിരുന്ന വിജയന്. അദ്ദേഹത്തെ നേരിട്ടുകാണാൻ മോഹം. ദൃശ്യവേദിയുടെ കഥകളി നടക്കുന്ന ദിവസം കാർത്തിക തിരുനാൾ തിയേറ്ററിൽ നേരത്തെ എത്തി ആശാനെ കണ്ടു. തികഞ്ഞ ആകാരസൗഷ്ഠവംനല്ല നിറം. വിശാലമായ മുഖം, ഭംഗിയുള്ള മൂക്കും തിളക്കമാർന്ന കണ്ണുകളും മൊത്തത്തിൽ കഥകളിക്കായി ജന്മമെടുത്ത ആൾ.
വേഷഭംഗികൊണ്ടും താത്പര്യം കൊണ്ടും നല്ല പ്രവൃത്തികൊണ്ടും വിജയൻ ഉയർച്ചയിലെത്തുമെന്ന് ആശാൻ പ്രവചിച്ചു.
ഇതിനിടെ ഫിസ്റ്റുല അലട്ടിത്തുടങ്ങിയ ആശാന് രണ്ടുതവണ ശസ്ത്രക്രിയ വേണ്ടിവന്നു. മെഡിക്കൽ കോളേജിലെ പ്രശസ്ത സർജൻ ഡോ. പി.എ. തോമസ് വിജയകരമായി അത് നിർവഹിച്ചു. ഡോക്ടറെ കാണാൻ പോകുന്നതും ചികിത്സാർത്ഥമുള്ള മറ്റു യാത്രകളും എന്റെ കാറിലായിരുന്നു. സീരിയൽ-ചലച്ചിത്രതാരമായ പുത്രൻ കലാശാല ബാബുവും വത്സല ശിഷ്യനായ വിജയനും കൂടെയുണ്ടാവും.
വേഷങ്ങൾ
വിജയന്റെ വേഷങ്ങളെല്ലാം ജനസമ്മതി നേടി. ദമയന്തി, മോഹിനി, പാഞ്ചാലി (സൈരന്ധ്രി പ്രത്യേകിച്ചും) ദേവയാനി എന്നീ നായികമാരെ, ആട്ടക്കഥാകാരന്റെ ആശയം പൂർണമായും ഉൾക്കൊണ്ട് കഥാപാത്രത്തിന്റെ സ്ഥായി നിലനിറുത്തി തന്മയത്വമായി അവതരിപ്പിക്കുന്നു. കാലകേയവധത്തിൽ, സ്വർലോകസുന്ദരിയായ ഉർവശി, മധ്യമപാണ്ഡവനായ വിജയന്റെ രൂപലാവണ്യത്താൽ അയാളിൽ കാമാതുരയാകുന്നു. ഉർവശി എന്ന നർത്തകിക്കാണോ മധ്യമപാണ്ഡവനായ വിജയനാണോ, കഥകളി നടനായ നമ്മുടെ വിജയനാണോ സൗന്ദര്യത്തിനുള്ള മാർക്ക് കൂടുതൽ നൽകേണ്ടത്? പ്രേക്ഷകർക്ക് തന്നെ കൺഫ്യൂഷൻ.
(മാർഗിയുടെയും ദൃശ്യവേദിയുടെയും സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 9447059240)