ഉംപുൻ വിരുന്നെത്തിയത് നീണ്ട ഇടവേളയ്ക്കുശേഷം

Wednesday 20 May 2020 2:29 AM IST

21 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബംഗാൾ ഉൾക്കടലിൽ ഒരു സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത്. 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യ സൂപ്പർ സൈക്ലോൺ ആണ് 'ഉംപുൻ '. 99ലെ സൂപ്പർ സൈക്ലോണിനെ തുടർന്ന് 11 ലക്ഷത്തോളം പേരെയാണ് അന്ന് ഒഡിഷ തീരത്തുനിന്ന് മാറ്റിപ്പാർപ്പിച്ചത്. 10,000 ത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്. മറ്റ് ചുഴലിക്കാറ്റുകളിൽനിന്ന് വ്യത്യസ്തമായി കേവലം 12 മണിക്കൂറിനുള്ളിലാണ് ഉംപുൻ,​ സാധാരണ ചുഴലിക്കാറ്റിൽനിന്ന് സൂപ്പർ സൈക്ലോണായി മാറിയത്.

♦ തീവ്രതയനുസരിച്ച് ചുഴലിക്കാറ്റുകളെ അഞ്ചായി തിരിക്കാം. ചുഴലിക്കാറ്റ്,​ അതിശക്തമായ ചുഴലിക്കാറ്റ്,​ തീവ്ര ചുഴലിക്കാറ്റ്,​ അതിതീവ്ര ചുഴലിക്കാറ്റ്,​ സൂപ്പർ ചുഴലിക്കാറ്റ് എന്നിങ്ങനെ.

♦ മണിക്കൂറിൽ 220 കിമി വേഗത വരെ കൈവരിക്കുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പർ സൈക്ലോണുകൾ എന്ന് വിളിക്കുന്നത്.

♦ 265 കിമി വേഗതയാണ് ഉംപുണിന് കടലിൽ ഉണ്ടായിരുന്നത്.

♦ പരമാവധി 125 കിമി വേഗതയുള്ളവയാണ് ട്രോപ്പിക്കൽ സൈക്ലോണുകൾ

♦ തീവ്രമായ ട്രോപ്പിക്കൽ സൈക്ലോണുകളുടെ വേഗത 125 നും 164കിമി.നും ഇടയിലാണ്

♦ 165കിമി - 224 കിമി വേഗത കൈവരിക്കുന്നവയാണ് അതിതീവ്ര സൈക്ലോണുകൾ

ഇന്ത്യയെ ബാധിച്ച സൂപ്പർ സൈക്ലോണുകളുടെ വേഗത

2020 - ഉംപുൻ (പ്രവചനം 265കിമി വരെ)

2019 - ക്യാർ (255കിമി)​

2007 - ഗോനു (235 കിമി )​

1999 - ഒഡിഷ (220കിമി)​

1991 - ബംഗ്ലാദേശ് (235കിമി)​

1990 - ആന്ധ്രാപ്രദേശ് (235കിമി)​

1987 - ഗേ (230കിമി)​

1977 - ആന്ധ്രാപ്രദേശ് (250കിമി)​

1964 - രാമേശ്വരം (240കിമി)

1963 - ബംഗ്ലാദേശ് (240കിമി)

ചുഴലികൾ ഉണ്ടാകുന്നത്

♦ സമുദ്രജലത്തിലെ താപവ്യതിയാനം കാരണമാണ് ന്യൂനമർദ്ദങ്ങൾ ഉടലെടുക്കുന്നത്

♦ താപനില ഉയർന്നുനിൽക്കുന്ന കടൽജലത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് ഇതിന് എളുപ്പത്തിൽ വലുതാകാൻ കഴിയും

♦ ഒരു എൻജിൻ പോലെയാണ് പിന്നീട് ഇത് പ്രവർത്തിക്കുക

♦ ഭൂമിയുടെ സ്വയംകറങ്ങൽ കാരണമുണ്ടാകുന്ന കൊറിയോലിസിസ് പ്രഭാവം ന്യൂനമർദങ്ങൾക്ക് കറക്കം നൽകുന്നു

♦ ഈ ന്യൂനമർദങ്ങൾ കൂടുതൽ വേഗതയും ശക്തിയും ആർജിക്കുന്നതോടെ സൈക്ലോണുകളായി രൂപാന്തരം പ്രാപിക്കും

♦ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇവയെ സൈക്ലോൺ എന്നും അറ്റ്ലാന്റിക്കിൽ ഹാരികെയ്ൻസ് എന്നും പസഫിക്കിൽ ടൈഫൂൻസ് എന്നും ഇവയെ വിളിക്കുന്നു.