കൊവിഡ് ഭീതിക്കിടെ ഉത്തർപ്രദേശിൽ രാഷ്ട്രീയപ്പോര്, കോൺഗ്രസ് - സർക്കാർ തർക്കം കനക്കുന്നു
ലക്നൗ: അന്യസംസ്ഥാന തൊഴിലാളികൾക്കായി കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകളെ ചൊല്ലി ഉത്തർപ്രദേശിലെ രാഷ്രീയ വിവാദം അവസാനിക്കുന്നില്ല. ബസുകൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ അജയ് ലല്ലുവിനെതിരെ പൊലീസ് ഒരു കേസ് കൂടി എടുക്കുകയും ചെയ്തു.
വ്യാജ വാഹന രേഖ സമർപ്പിച്ചതിന് അജയ് ലല്ലുവിനെതിരെയും പ്രിയങ്ക ഗാന്ധിയുടെ പി.എ സന്ദീപ് സിംഗിനെതിരെയും നേരത്തെ കേസെടുത്തിരുന്നു. കൊവിഡ് പടർന്നുപിടിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ രംഗത്തുവരികയും ചെയ്തതോടെ വിവാദം വീണ്ടുംകൊഴുക്കുകയായിരുന്നു. പ്രശ്നത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1000ബസുകൾ സജ്ജമാക്കി കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സംസ്ഥാനത്ത് എത്തിക്കുന്നതിനായിരുന്നു കോൺഗ്രസിന്റെ ശ്രമം. നോയിഡ, ഗാസിയാബാദ് അതിർത്തിയിലുള്ള ബസുകൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. 297 ബസുകൾക്ക് ഫിറ്റ്നസില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഇന്ന് വൈകിട്ട് വരെ ബസുകൾ അവിടെ തന്നെ ഉണ്ടാകുമെന്നു അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസതിക്കയച്ച കത്തിൽ എ.ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.