കെ അനിരുദ്ധൻ : സ്മരണകളിരമ്പുന്ന രണസ്മാരകം
കാലയവനികയിൽ മറയുന്നവരിൽ പലരും അവരവരുടേതായ കാലങ്ങളിലെ അജയ്യരായ നേതാക്കളോ ജേതാക്കളോ ആയിരിക്കാം. അതിവേഗതയിൽ മുന്നേറുന്നൊരു സമൂഹം ഒരുവേള അവരെ ഓർത്തെന്ന് വരില്ല. ചിലരാകട്ടെ വിസ്മൃതിക്ക് മുകളിൽ പ്രതിഷ്ഠിക്കപ്പെടും.തിരുവിതാംകൂർ രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട അവിസ്മരണീയമായ അദ്ധ്യായമാണ് കെ അനിരുദ്ധൻ .കൊടിയ മർദ്ദനങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ചത് ജീവൻ പണയപ്പെടുത്തിത്തന്നെയായിരുന്നു.പെഷവാർ ഗൂഢാലോചന പരമ്പര മുതൽ ലോക്കപ്പും തൂക്കുകയറും മാത്രമായിരുന്നു കമ്മ്യൂണിസ്റ്റുകാരനെ കാത്തിരുന്നത്. കണ്ണമ്മൂലയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന കെ അനിരുദ്ധൻ , പുതിയൊരു സാമൂഹികക്രമത്തിന് വേണ്ടി മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെടുകയായിരുന്നു.
തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവെന്നതിലുപരി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലൂടെ കെ അനിരുദ്ധന്റെ യശസ്സ് വർദ്ധിക്കുകയായിരുന്നു. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവും മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയായിരുന്നു എതിരാളി.അപ്രസക്തനായൊരു സ്ഥാനാർത്ഥിയാണ് എതിരാളിയെന്ന വർദ്ധിച്ച ആത്മവിശ്വാസമായിരുന്നു പട്ടം ക്യാമ്പിൽ. പക്ഷേ പട്ടം താണുപിള്ളയെ ഞെട്ടിച്ച ഫലമായിരുന്നു പുറത്തുവന്നത്. കഷ്ടിച്ച് ജയിച്ചു കയറിയ പട്ടം താണുപിള്ളയാകട്ടെ പ്രതിഷേധ പരിപാടികളിൽ നിന്നും വിട്ടുനിന്നാണ് തന്റെ പ്രതിഷേധവും , ഞെട്ടലും രേഖപ്പെടുത്തിയത് . കൂടാതെ പരാജയപ്പെട്ട എതിർ സ്ഥാനാർഥിയുടെ വീട്ടിലെത്തി ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാനും പട്ടം മടി കാണിച്ചില്ല
.ജയിലിൽ കിടന്നുകൊണ്ടാണ് അനിരുദ്ധൻ അടുത്ത തിരഞ്ഞെപ്പിനെ നേരിടുന്നത്.തിരുവിതാംകൂറിലെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന ആർ ശങ്കർ ആയിരുന്നു പ്രധാന എതിരാളി.'ബന്ധനസ്ഥനായ അനിരുദ്ധനെ' വിജയിപ്പിക്കുക എന്ന പ്രചരണ ബോർഡുകൾ നാടെങ്ങും സ്ഥാപിച്ചാണ് പ്രവർത്തകർ അനിരുദ്ധന് വേണ്ടി വോട്ടഭ്യർത്ഥിച്ചത്.എന്റെ അച്ഛനെ അന്യായമായി തടവിലിട്ടിരിക്കുകയാണ് , ഈ തിരഞ്ഞെടുപ്പിൽ അച്ഛൻ ജയിക്കണം, അച്ഛന് മോചനം ലഭിക്കണം എന്നഭ്യർത്ഥിച്ച് ഒരു കൊച്ചു പയ്യൻ മണ്ഡലമുടനീളം പ്രസംഗിച്ചുനടന്നു.അംബാസിഡർ കാറിന്റെ മുകളിൽ മൈക്കുമായി നിന്ന് വോട്ടഭ്യർത്ഥിക്കുന്ന ബാലന്റെ ചിത്രം ജയിലറയിൽ കിടക്കുന്ന സ്ഥാനാർത്ഥിയുടെ ചിത്രമെന്ന പോലെ ജനപ്രിയമായി.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരള രാഷ്ട്രീയത്തിലെ " ജയന്റ് കില്ലർ "എന്ന പേര് നേടി കെ അനിരുദ്ധൻ അട്ടിമറി വിജയം സ്വന്തമാക്കി. അച്ഛന്റെ മോചനത്തിനായിറങ്ങുകയും കേരളം ആവേശത്തോടെ ഏറ്റുവാങ്ങുകയും ചെയ്ത ആ നാല് വയസ്സുകാരൻ പിന്നീട് പല തവണ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച എ സമ്പത്തായിരുന്നു.
നിരവധി പോരാട്ടങ്ങൾക്ക് നെടുനായകത്വം വഹിക്കുവാൻ അനിരുദ്ധന് കഴിഞ്ഞു .പോരാട്ടങ്ങളുടെ ചരിത്രങ്ങളിലെ ത്രസിപ്പിക്കുന്ന ഏടാണ് മുടവൻമുകൾ സമരം. മിച്ചഭൂമി പിടിച്ചെടുക്കാനും ഭൂരഹിതർക്ക് വിതരണം ചെയ്യുവാനും എകെജി യുടെ നേതൃത്വത്തിൽ നടന്ന ഉജ്ജ്വല സമരമായിരുന്നു അത്.ഒരേ സമയം അധികാരികളുടെയും തിരുവിതാംകൂർ രാജകുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്തുവാൻ കഴിഞ്ഞു എന്നത് ആ സമരത്തിന്റെ സവിശേഷതയാണ്.
അനിരുദ്ധൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷം.സമൂഹം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സ്മര്യ പുരുഷനെ ഓർക്കാതെ വയ്യ.സഹജീവിയുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ലോകത്തിന് വേണ്ടിയുള്ള പോരാട്ടം നയിച്ചവർക്ക് പിശക് പറ്റിയില്ല എന്നുറപ്പിക്കും വിധമാണ് വർത്തമാനകാല സമൂഹം നൽകുന്ന സന്ദേശം. കോവിഡ് 19 എന്ന മഹാമാരി കവർന്നെടുത്തത് മൂന്ന് ലക്ഷത്തിലധികം മനുഷ്യജീവനുകളാണ്.
. കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി അനിരുദ്ധന്റെ പ്രസ്ഥാനം നയിക്കുന്ന ഗവൺമെന്റ് ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് . സോഷ്യലിസം മാത്രമാണ് പരിഹാരം എന്ന് പഠിപ്പിച്ച പ്രിയ സഖാവിനെ ആദരവോടെ ഓർക്കുന്നു.
പൂജപ്പുര ആർ സാംബശിവൻ
(9446791351)
മുടവന്മുകൾ സമരത്തിൽ എകെജിയോടൊപ്പം പങ്കെടുത്ത വോളന്റിയർ ആണ് ലേഖകൻ