ഐഫോണിൽ ഇനി മാസ്ക് ധരിച്ചും ഫേയ്സ് ലോക്ക് മാറ്റാം, പുതിയ ഫീച്ചറുമായി ആപ്പിൾ ഐ.ഒ.എസ് 13.5

Friday 22 May 2020 12:52 PM IST

ഐഫോണുകൾക്കായുള്ള ഐ.ഒ.എസ് 13.5 അപ്ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി പുറത്തിറക്കി. ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറാണ് ഫേസ് ഐഡി ഉപയോഗിച്ചുള്ള ഫോൺ ലോക്കിംഗ് - അൺലോക്കിംഗ് സംവിധാനം. നേരത്തെ ഫേയ്സ് ഐഡി സെറ്റ് ചെയ്താൽ മുഖത്തിന് നേരെ ഫോൺ കൊണ്ടുവന്നാൽ അത് അൺലോക്കാകും.

എന്നാൽ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ മാസ്ക്ക് ധരിക്കാൻ നിർബന്ധിതരായിരിക്കുന്നു. മാസ്ക്കുകൾ ധരിക്കുമ്പോഴും ഐഫോൺ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഫേയ്സ് അൺലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്ഡേറ്റിൽ ഒരുക്കിയിട്ടുണ്ട്. ഫെയ്‌സ് മാസ്ക് ധരിച്ച് ഐഫോണിൽ താഴെ നിന്നും മുകളിലേക്ക് സൈ്വപ്പ് ചെയ്യുമ്പോൾ നമ്പർ പാസ് വേർഡ് നൽകാനുള്ള നിർദേശം ഓട്ടോമാറ്റിക് ആയി തെളിയും. ആപ്പ്‌സ്റ്റോർ, ആപ്പിൾ പേ, ഐട്യൂണ്സ് എന്നിവ ഉപയോഗിക്കുമ്പോൾ ഇത് പ്രവർത്തിക്കും.

ഫേയ്സ് ടൈം വീഡിയോ ഗ്രൂപ്പ് കോളിൽ നേരിട്ട തകരാറുകൾ, ചില വീഡിയോ സ്ട്രീമിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കറുത്ത സ്ക്രീൻ, വിവരങ്ങൾ ഷെയർ ചെയ്യുമ്പോൾ സ്ലൈഡ് ഔട്ട് മെനുവിൽ നേരിടുന്ന തകരാർ ഇവയെല്ലാം ഈ അപ്ഡേഷനിൽ മാറുമെന്നാണ് സൂചന. ഫെയ്സ് ഐഡിയിലേക്ക് മുഖം തിരിച്ചറിയാനുള്ള അപ്ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ഗൂഗിളുമായി സഹകരിച്ച് നിർമിച്ച എക്സ്പോഷർ നോട്ടിഫിക്കേഷൻ എ.പി.ഐയും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺടാക്റ്റ് ട്രേസിങിനായി ഫോണുകളിൽ ഇൻബിൽറ്റായി ഒരുക്കിയ സംവിധാനമാണിത്.