പാകിസ്ഥാനിൽ ലഹോറിൽ നിന്നും കറാച്ചിയിലേക്ക് യാത്രക്കാരുമായി വന്ന വിമാനം തകർന്നുവീണു

Friday 22 May 2020 4:06 PM IST

കറാച്ചി:പാകിസ്ഥാനിൽ വൻ വിമാനദുരന്തം. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനമാണ് കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡൽ കോളനിയിൽ തകർന്ന് വീണത്.91യാത്രക്കാരും വിമാനജീവനക്കാരുമുൾപ്പെട 107 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ എത്രപേർക്ക് ജീവഹാനി ഉണ്ടായെന്ന് വ്യക്തമല്ല.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് കഷ്ടിച്ച് ഒരുമിനിട്ട് മാത്രമുള്ളപ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ടത്. പെട്ടന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എയർട്രാഫിക് കൺട്രോൾ വിഭാഗം പറയുന്നത്. വീടുകൾക്ക് മുകളിലാണ് വിമാനം തകർന്നുവീണത്. നിരവധി വീടുകൾ തകർന്നു എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് നിന്ന് കറുത്തപുക ഉയരുന്നുണ്ട്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. പാകിസ്ഥാന്റെ ദ്രുതകർമ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.