ശക്തി വർദ്ധിക്കുന്നു, സ്ഥിതി മാറുന്നു: ലോകാരോഗ്യ സംഘടനയിൽ നിർണായക പ്രാതിനിധ്യവുമായി ഇന്ത്യ, രാജ്യത്തിന്റെ കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാകും

Friday 22 May 2020 7:34 PM IST

ജനീവ: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. ജപ്പാന്റെ ഡോക്ടർ ഹിറോക്കി നകതാനിയാണ് ഈ പദവി അലങ്കരിച്ചിരുന്നത്. ആരോഗ്യ രംഗത്ത് പ്രവർത്തിപരിചയമുള്ള 34 അംഗങ്ങളാണ് ബോർഡിൽ ഉണ്ടാകുക. ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടീവ് ബോർഡിലെ ഈ പദവി ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് കൂടുതൽ കരുത്ത് നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കൂടാതെ, കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിൽ ചൈനയുടെ പങ്കിനെക്കുറിച്ചും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണത്തെക്കുറിച്ചും യൂറോപ്യൻ യൂണിയന്റെയും ആസ്‌ത്രേലിയയുടെയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ നിർണായ തീരുമാനങ്ങളെടുക്കാനും ഇന്ത്യയെ ഈ സ്ഥാനാരോഹണം സഹായിക്കും. വേൾഡ് ഹെൽത്ത് അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും നടപ്പിൽ വരുത്തുക, അസംബ്ലിയുടെ പ്രവർത്തനം സുഗമമാക്കുക എന്നിവയാണ് പ്രധാനമായും എക്സിക്യൂട്ടീവ് ബോർഡിന്റെ കടമകൾ.

കഴിഞ്ഞ വർഷം, ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യൻ നോമിനിയെ തിരഞ്ഞെടുക്കാൻ സംഘടനയുടെ ദക്ഷിണേഷ്യാ വിഭാഗം തീരുമാനമെടുത്തിരുന്നു. മൂന്ന് വർഷമാണ് അനുവദിക്കുന്ന കാലയളവ്. അതേസമയവും എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനം നൽകുന്ന ഒരു വർഷത്തേക്കാണ്. ശേഷം പ്രാദേശിക അംഗങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഈ സ്ഥാനത്തേക്ക് വരും. എന്നിരുന്നാലും ലോകം കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലുള്ള ഹർഷ് വർദ്ധന്റെ ഈ സ്ഥാനാരോഹണം നൽകുന്ന പ്രതീക്ഷ ഏറെ വലുതാണ്.