'അദ്ദേഹം ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു': മലയാളത്തിലെ നാല് മുൻനിര സംവിധായകർ മോഹൻലാലിനെ വച്ച് ഇന്നുവരെ ഒരു സിനിമ ചെയ്തിട്ടില്ല, കാരണമെന്ത്?
ഇന്നലെയാണ് നടൻ മോഹൻലാലിന് അറുപത് വയസ് തികഞ്ഞത്. മാദ്ധ്യമങ്ങളും ആരാധകരും മഹാനടനെ സ്നേഹിക്കുന്നവരും അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുകയും ചെയ്തു. തന്റെ ഇരുപതാം വയസിൽ ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്ത് പ്രശസ്തിയാർജിക്കുന്നത്. ശേഷം മലയാളത്തിലെ നിരവധി സംവിധായകരുടെ ഒപ്പം അദ്ദേഹം പ്രവർത്തിക്കുകയും ഉണ്ടായി.
പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, രഞ്ജിത്ത് എന്നീ ഹിറ്റ്മേക്കർ സംവിധായകരോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തിൽ നാല് മുൻനിര സിനിമാ സംവിധായരോടൊപ്പം മാത്രം മോഹൻലാൽ പ്രവർത്തിച്ചിട്ടില്ല. അടൂർ ഗോപാലകൃഷ്ണൻ, ജയരാജ്, വിനയൻ. ടി.വി ചന്ദ്രൻ എന്നിവരാണ് ആ സംവിധായകർ. അതേസമയം ഇവർ എല്ലാവരും മലയാളത്തിന്റെ മെഗാ സ്റ്റാറായ മമ്മൂട്ടിയെ വച്ച് സിനിമ ചെയ്തിട്ടുണ്ടെന്ന വസ്തുത നിലനിൽക്കുന്നു.
എന്തുകൊണ്ട് മോഹൻലാലിനെ വച്ച് സിനിമ ചെയ്തില്ലെന്ന് അടൂരും ടി.വി ചന്ദ്രനും വ്യക്തമാക്കിയിട്ടില്ല. അതേസമയം താൻ 'ദേശാടന'ത്തിന് ശേഷം സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഒരു സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകനായി എത്തേണ്ടിയിരുന്നതെന് ജയരാജ് വെളിപ്പെടുത്തിയിരുന്നു. കൗമുദി ചാനലുമായുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ 'തന്റേതായ ഒരു തെറ്റ് കൊണ്ട്, ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യം കൊണ്ട്' തനിക്കാ സിനിമ ചെയ്യാൻ സാധിച്ചില്ലെന്നും അതിനായി തയ്യാറായി വന്ന മോഹൻലാലിനെ നിരാശനാക്കേണ്ടി വന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. അത് അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കാമെന്നും പിന്നീട് താൻ പല തിരക്കഥയുമായി അദ്ദേഹത്തെ സമീപിച്ചുവെങ്കിലും മോഹൻലാൽ ലാഘവത്തോടെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ജയരാജ് പറയുന്നു.
ശേഷം, താൻ നൽകിയ 'കുഞ്ഞാലി മരക്കാരു'ടെ തിരക്കഥ അദ്ദേഹം മൂന്ന് വർഷം കൈയ്യിൽ വച്ചിട്ട് മറുപടിയൊന്നും പറഞ്ഞില്ലെന്നും തന്റെ മറ്റൊരു ചിത്രമായ 'വീര'ത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുവെന്നും ജയരാജ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ വിനയന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാലിനെ വച്ചാണ് വിനയൻ തന്റെ 'സൂപ്പർസ്റ്റാർ' എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തത്.
വിനയൻ ചിത്രം ചെയ്തത് മോഹൻലാലിനെ വെല്ലുവിളിച്ചുകൊണ്ടാണെന്ന പ്രചാരണമാണ് ഇരുവരും തമ്മിൽ ആദ്യം അകലാൻ കാരണമായത്. സിനിമാ സംഘടനകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിനയൻ മോഹൻലാലിനെതിരെ രംഗത്ത് വന്നതും ഇരുവരും തമ്മിലുള്ള വിടവ് വർദ്ധിക്കാൻ കാരണമായി. എന്നാൽ താൻ മോഹൻലാലുമായി അധികം വൈകാതെ തന്നെ സിനിമ ചെയ്യാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചുകൊണ്ടും വിനയൻ അടുത്തിടെ രംഗത്ത് വന്നിരുന്നു.