വിവാഹതട്ടിപ്പ് കേസിലെ പ്രതി​ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമി​ച്ചു

Saturday 23 May 2020 12:04 AM IST

തൃക്കാക്കര: വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി ജയിലിലെ ടോയ്‌ലറ്റിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്‌കൂളിലാണ് സംഭവം. പ്രാഥമിക കൃത്യങ്ങൾക്കായി പോയ ശ്രീജിത്ത് ഉടുമുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായി​രുന്നു. ജയിൽ ജീവനക്കാർ ഇയാളെ രക്ഷിച്ച് ആശുപത്രിയിലാക്കി എറണാകുളം ജനറൽ ആശുപത്രിയിൽ ഐ.സി.യുവിലാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജയിലിലെത്തുന്ന പുതിയ തടവുകാരെയും പരോൾ കഴിഞ്ഞു വരുന്നവരെയും 14 ദിവസത്തേക്ക് യുവ തടവുകാരെ പാർപ്പിക്കുന്ന ജയിലായ ബോർസ്റ്റൽ സ്‌കൂളിലേക്കാണ് കൊണ്ടു പോകുന്നത്. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം ജില്ല ജയിലിലേക്ക് മാറ്റും. ഇവിടെയെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു.