ജോർദാനിലെ `ആടുജീവിതം' കഴിഞ്ഞ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ
'രാത്രിയോടെ വിമാനമെത്തി. എംബസി ജീവനക്കാർ ബോർഡിംഗ് പാസ് വിതരണം ചെയ്തു. ഞങ്ങളെ കൂട്ടത്തോടെ വിമാനത്തിലേക്ക് നടത്തി. വിലങ്ങണിഞ്ഞ എൺപത് ആടുകളെ ഒരു മസറയിലേക്ക് ആട്ടിത്തെളിച്ചു കയറ്റുന്നതായിട്ടാണ് എനിക്കപ്പോൾ തോന്നിയത്. അതിൽ ഒരു ആട് ഞാനായിരുന്നു ! ആടുജീവിതം!..'
(ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ അവസാനിക്കുന്നതിങ്ങനെ)
കൊച്ചി: വിദേശത്തെ ആടുജീവിതത്തിന്റെ നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഇന്നലെ രാവിലെ ഒമ്പതുമണിയോടെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നടൻ പൃഥ്വിരാജ് നെടുമ്പാശേരിയിലെത്തി. അപ്പോഴും ആടുജീവിതം സിനിമയിലെ നായകൻ നജീബിന്റെ ഒറ്റപ്പെടൽ നിഴൽപോലെ പിന്തുടർന്നു ക്വാറന്റൈൻ രൂപത്തിൽ. നേരേ പോയത് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലേക്ക്.പുറംലോകത്തേക്ക് ഇറങ്ങാതെ പതിനാലു ദിവസത്തെ വാസം.
ബെന്യാമിന്റെ ആടുജീവിതം നോവലിലെ നായകൻ നജീബിന്റെ വേഷം ചെയ്യുന്ന പൃഥ്വിരാജും സംവിധായകൻ ബ്ളെസിയുമടക്കം 58അംഗ സംഘം രണ്ടു മാസത്തെ ദുരിതാനുഭവങ്ങളുമായാണ് ഇന്നലെ നാട്ടിലെത്തിയത്.
പൃഥ്വിയുടെ ആരോഗ്യപരിശോധനയായിരുന്നു ആദ്യം പൂർത്തിയായത്. ഒരു മണിക്കൂറിനുള്ളിൽ ലഗേജുമായി പുറത്തേക്കുവന്നു. ടീഷർട്ടും നീല ജീൻസുമായിരുന്നു വേഷം. നീട്ടി വളത്തിയ താടിയും മെലിഞ്ഞ രൂപവും കഥാപാത്രത്തെ ഓർമ്മിപ്പിച്ചു. യാത്രയ്ക്ക് കാർ കവാടത്തിൽത്തന്നെ ഉണ്ടായിരുന്നു.സ്വയം ഡ്രൈവ് ചെയ്ത് ഫോർട്ട് കൊച്ചിയിലേക്ക് പോകുമ്പോൾ സംവിധായകനും മറ്റുള്ളവരും സാമൂഹ്യ അകലം പാലിച്ച് പുറത്തേക്ക് വരുകയായിരുന്നു. ബ്ളസി തിരുവല്ലയിലെ ആശുപത്രിയിലേക്കാണ് പോയത്. ഷൂട്ടിംഗിനിടെ വിരലിനേറ്റ പരിക്കിന് ചികിത്സ തേടിയശേഷം ക്വാറന്റൈനിൽ പോകും.
ജോർദാനിൽ
66 ദിനങ്ങൾ
അറുപത്താറു ദിവസം ജോർദ്ദാനിൽ കഴിഞ്ഞ സംഘം വെള്ളിയാഴ്ച പുലർച്ചെയാണ് ന്യൂഡൽഹിയിലെത്തിയത്.അവിടെ നിന്നാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
മാർച്ച് 16ന് സംഘം ജോർദാനിലെത്തുമ്പോൾ കൊവിഡിന്റെ ഭീതിയിൽ ലോകം അമർന്നിട്ടില്ലായിരുന്നു. കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് ഷൂട്ടിംഗ് നിറുത്തിവച്ചു.അപ്പോഴേക്കും വിമാന സർവീസുകൾ നിലച്ചിരുന്നു.ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ വീണ്ടും ചിത്രീകരണം തുടങ്ങാൻ അവസരം ഒരുങ്ങി.ഇതിനിടെ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തുടങ്ങിയിരുന്നു.
ഷൂട്ടിംഗ് ബാക്കിയുണ്ട്
ജോർദാനിൽ ഷൂട്ടിംഗ് ബാക്കിയുണ്ട്. മസ്കറ്റിൽ നിന്നുള്ള ഒരു നടൻ ഉൾപ്പെടെയുള്ളവരുടെ സീനുകളാണത്.
ബ്ളെസി,
സംവിധായകൻ
നന്ദി പറഞ്ഞ് സുപ്രിയ
കൊച്ചി : "സഹായിച്ചവരോടെല്ലാം നന്ദി പറയുന്നു. മകൾ അല്ലി ത്രില്ലിലാണ്. രണ്ടാഴ്ചകഴിഞ്ഞ് ഡാഡിയെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവൾ..." പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "മൂന്നുമാസത്തിനുശേഷമാണ് സംഘം നാട്ടിലെത്തിയത്. മാർഗനിർദ്ദേശങ്ങളനുസരിച്ച് അവർ ഇനി ക്വാറന്റൈനിൽ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. തിരിച്ചുവരവിന് സൗകര്യമൊരുക്കിയ അധികൃതരുൾപ്പെടെ എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങൾക്കായി പ്രാർത്ഥിച്ച, ശക്തിപകർന്ന അഭ്യുദയകാംക്ഷികളോടും ആരാധകരോടുമുള്ള നന്ദിയും അറിയിക്കുന്നു.."