മരുന്നിന് കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത കുറയ്ക്കാനുള്ള ശേഷിയുണ്ടെന്ന് ഐ.സി.എം.ആർ, ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗം വർദ്ധിപ്പിക്കും
ന്യൂഡൽഹി: ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് ഉപയോഗം കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത കുറയ്ക്കുമെന്ന് ഐ.സി.എം.ആർ കണ്ടെത്തി. ഇതിനെത്തുടർന്ന് രോഗ ബാധ തടയുന്നതിനായി മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാർഗനിർദേശം കഴിഞ്ഞദിവസം ഐ.സി.എം.ആർ പുറത്തിറക്കിയിരുന്നു.
അർദ്ധസൈനികർ, പൊലീസുകാർ, കൊവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നൽകാനും നിർദേശിക്കുന്നുണ്ട്. നേരത്തേ കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാൻ ഐ.സി.എം.ആർ നിർദേശം നൽകിയിരുന്നുവെങ്കിലും കൊവിഡിനെതിരെ മരുന്ന് ഫലം ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്നായിരുന്നു കൂടുതൽ പഠനം നടത്തിയത്. ഡൽഹിയിലെ മൂന്ന് കേന്ദ്ര സർക്കാർ ആശുപത്രികളിലാണ് പഠനം നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇൗ ആശുപത്രികൾ ഏതാണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.