പ്രണവ് ചിത്രം ഹൃദയത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ
പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം സിനിമയുടെ ലൊക്കേഷൻ മോഹൻലാൽ സന്ദർശിച്ചതിന്റെ വിഡിയോ വൈറൽ. താരത്തിന് പിറന്നാൾ ആശംസ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്. സംവിധായകൻ വിനീത് ശ്രീനിവാസനും അണിയറ പ്രവർത്തകരുമായി മോഹൻലാൽ സംസാരിക്കുന്നത് വിഡിയോയിൽ കാണാം. പ്രണവ് , കല്യാണി പ്രിയദർശൻ എന്നിവരെ നായകിനായകൻമാരാക്കി വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.
തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ ശ്രീനിവാസൻ - മോഹൻലാൽ- പ്രിയദർശൻ എന്നിവരുടെ മക്കൾ മൂന്നുപേരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. നാല്പതുവർഷങ്ങൾക്കുശേഷം മെരിലാൻഡ് സിനിമാസ് തിരച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടുകൂടിയാണ് ഹൃദയം മുന്നേറുന്നത്. അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ , ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.