കൊവിഡ് വാക്സിൻ: ആദ്യഘട്ട പരീക്ഷണം വിജയമായെന്ന് ചൈന

Sunday 24 May 2020 2:11 AM IST

CHINA

ബീജിംഗ്: കൊവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമായെന്ന് അവകാശപ്പെട്ട് ചൈനീസ് ഗവേഷകർ. ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകർ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ പരീക്ഷിച്ചത്. വാക്‌സിൻ നൽകിയ എല്ലാവരിലും രോഗപ്രതിരോധ ശേഷി വർദ്ധിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.

ഇവരുടെ ശരീരത്തിൽ രണ്ടാഴ്ചക്കുള്ളിൽ പ്രതിരോധ കോശമായ 'ടി സെൽ' വികസിച്ചെന്നും 28 ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും ഗവേഷകർ പറഞ്ഞു.

അമേരിക്ക, ഇസ്രേയൽ എന്നീ രാജ്യങ്ങൾ വാക്‌സിൻ വികസിപ്പിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നെങ്കിലും, അതിന് അംഗീകാരം നൽകാൻ ലോകാരോഗ്യ സംഘടന തയ്യാറായിരുന്നില്ല. ആദ്യഘട്ട മരുന്ന്‌ പരീക്ഷണം വിജയകരമായെന്ന് അമേരിക്കൻ മരുന്ന് നിർമ്മാതാക്കളായ മൊഡേണയും ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.