കേന്ദ്രത്തോട് അക്കാര്യം വെട്ടിത്തുറന്ന് പറയണം, ഇങ്ങനെ സംഭവിച്ചതിൽ ആർ.എസ്. എസിന് ലജ്ജയില്ലേ? രൂക്ഷവിമർശനവുമായി പി. ചിദംബരം

Saturday 23 May 2020 9:17 PM IST

ന്യൂഡൽഹി: കൊവിഡിന്റെ സാഹചര്യത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര സർക്കാരിനെയും ആർ.എസ്.എസിനേയും രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രി പി.ചിദംബരം. കേന്ദ്ര സർക്കാരിനോട് അവരുടെ ജോലി ചെയ്യാനും സാമ്പത്തിക രംഗത്തെ കരകയറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിസർവ് ബാങ്ക് ഗവർണർ വെട്ടിത്തുറന്ന് പറയണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

നെഗറ്റീവ് വളര്‍ച്ചയിലേക്ക് സാമ്പത്തികാവസ്ഥയെ സര്‍ക്കാര്‍ എങ്ങനെയാണ് വലിച്ചിട്ടതെന്ന് ആലോചിച്ച് ആര്‍.എസ്.എസ് ലജ്ജിക്കണമെന്നും ചിദംബരം വിമർശിച്ചു. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ വളർച്ച 'നെഗറ്റീവ് മണ്ഡലത്തിലാ'ണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായാണ് രാജ്യത്തെ ജി.ഡി.പി വളര്‍ച്ച ചുരുങ്ങുകയാണെന്ന കാര്യം കേന്ദ്രസര്‍ക്കാരുമായോ റിസർവ് ബാങ്കുമായോ ബന്ധപ്പെട്ട ഒരാള്‍ സമ്മതിക്കുന്നത്. ആര്‍.ബി.ഐയുടെ പ്രസ്താവനയ്ക്ക് ശേഷവും പ്രധാനമന്ത്രിയോ ധനമന്ത്രിയോ ജി.ഡി.പിയുടെ ഒരു ശതമാനത്തിലും താഴെയുള്ള ഉത്തേജ പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസകൾ നടത്തുമോ എന്നും മുൻ കേന്ദ്രമന്ത്രി പരിഹസിച്ചു.