ക്ലോറോക്വിൻ വേണ്ടെന്ന് ലോകാരോഗ്യ സംഘടന

Sunday 24 May 2020 12:00 AM IST

ന്യൂയോർക്ക്: കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ എതിർപ്പ്.

മരുന്നിന് വൈറസിനെ പ്രതിരോധിക്കാനാവില്ലെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു. മരുന്നിന്റെ ഫലപ്രാപ്തി പഠിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയെന്നും പാർശ്വഫലങ്ങൾ കണക്കിലെടുത്ത് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ അത് രോഗികൾക്ക് നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ഉപയോഗിച്ചവർക്ക് രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഐ.സി.എം.ആർ പറയുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആരോഗ്യ പ്രവർത്തകർ, കണ്ടെയ്ൻമെന്റ് സോണിലെ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഈ മരുന്ന് നൽകാമെന്നാണ് ഐ.സി.എം.ആർ പറയുന്നത്.

കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിൽ ആഗോള തലത്തിൽ ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.