നാടിനായി പൊരുതുന്ന മുഖ്യന് ഇന്ന് എഴുപത്തിയഞ്ചിന്റെ ചെറുപ്പം
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരെ ചുറുചുറുക്കോടെ പൊരുതുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് തികയുകയാണ്. എന്നാൽ പതിവ് ദിനം പോലെയാണ് ഇന്നും മുഖ്യമന്ത്രിക്ക്. ആഘോഷമില്ല. ആരവമില്ല. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകനങ്ങളും മറ്റു തിരക്കുകളുമായി ഈ ദിനവും കടന്നുപോകും.
നാല് വർഷം മുമ്പ് ഇതേ ദിവസമാണ് പിണറായി വിജയൻ ഔദ്യോഗിക രേഖകളില്ലാതിരുന്ന തന്റെ ജന്മദിന രഹസ്യം വെളിപ്പെടുത്തിയത്. 2016 മേയ് 24ന് രാവിലെ 10 മണി. പിറ്റേന്ന് അധികാരമേൽക്കുന്ന നിയുക്ത മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം എ.കെ.ജി സെന്ററിൽ തുടങ്ങുകയാണ്. പിണറായിയുടെ നേതൃത്വത്തിൽ വാർത്താലേഖകർക്ക് ആദ്യം ലഡു വിതരണം. മധുരം നുണഞ്ഞിരുന്ന ലേഖകരോട് പിണറായി ചോദിച്ചു 'എന്തിനാണ് ഈ മധുരമെന്നറിയാമോ? '
സർക്കാർ അധികാരമേൽക്കുന്നതു കൊണ്ടല്ലേയെന്ന സ്വാഭാവിക സംശയം എല്ലാവരുമുന്നയിച്ചു. അപ്രതീക്ഷിത മറുപടി അപ്പോൾ വന്നു, 'ഇന്നെന്റെ ജന്മദിനം'. തികച്ചും നാടകീയമായ വെളിപ്പെടുത്തൽ. ഔദ്യോഗിക രേഖകളിൽ പിണറായി വിജയന്റെ ജനനത്തീയതി 1944 മാർച്ച് 21.
നാളെ സർക്കാരിന്റെ നാലാം വാർഷികമാണ്. അതിനും ആഘോഷമില്ല. കഴിഞ്ഞ നാല് വർഷം മുഖ്യമന്ത്രിയെ അടുത്തറിഞ്ഞ കേരളീയർ മനസ്സിലേറ്റിയത് ആ നിലപാടുകളിലെ കാർക്കശ്യവും സമയനിഷ്ഠയും ഇച്ഛാശക്തിയുമാണ്. 75ാം വയസ് പൂർത്തിയാക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലൂടെ പിണറായി വിജയന്റെ ജനകീയ ഗ്രാഫ് ഒന്നു കൂടി ഉയർന്നു നിൽക്കുന്നു.