വാചകമടിയുടെ നാലു വർഷം
കൊവിഡ് ബാധ മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കിയപ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് അതൊരു കച്ചിത്തുരുമ്പായാണ് മാറിയത്. നാലു വർഷത്തെ പരാജയവും ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവച്ച് കൊവിഡിലൂടെ പിടിച്ചുകയറി രക്ഷപ്പെടാനാവുമോ എന്നാണ് സർക്കാരിന്റെ നോട്ടം.
കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ കേരളം കൈവരിച്ച നേട്ടം സംസ്ഥാനത്തെ ജനങ്ങളുടെയും ആരോഗ്യ സംവിധാനത്തിന്റെയും നേട്ടമാണ്. രാജഭരണകാലത്ത് അടിത്തറയിട്ട് കേരള രൂപീകരണത്തിനു ശേഷം മാറി മാറി വന്ന സർക്കാരുകൾ രൂപം നൽകിയ അതിശക്തമായ ആരോഗ്യ സംവിധാനത്തിന്റെ കരുത്താണത്. ആ കേരള മോഡലിന്റെ ഫലം തങ്ങളുടെ മാത്രം നേട്ടമാണെന്ന തരത്തിൽ അന്തർദേശീയ തലത്തിൽ നടത്തുന് പ്രചാരണത്തിന് മലയാളികളുടെ കണ്ണുകെട്ടാനാവില്ല. ഈ നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
സ്പ്രിൻക്ളർ കൊള്ള
'കാറപകടത്തിൽ മരിച്ചവന്റെ പോക്കറ്റിൽ നിന്ന് പറന്നുവീണ അഞ്ചു രൂപയിലാണെന്റെ നോട്ടം' എന്ന എ. അയ്യപ്പന്റെ കവിതയെ ഓർമ്മിപ്പിക്കുന്നതാണ് കൊവിഡ് കാലത്ത് സർക്കാരിന്റെ സ്പ്രിൻക്ളർ ഇടപാട്. ജനങ്ങൾ ദുരന്തത്തിനു നടുവിൽ നിൽക്കുമ്പോൾ അവരുടെ ആരോഗ്യവിവരങ്ങൾ മറിച്ചുവില്ക്കാൻ ഈ സർക്കാരിന് എങ്ങനെ കഴിഞ്ഞു? പ്രതിപക്ഷം ഈ അഴിമതി പുറത്തെത്തിച്ചില്ലായിരുന്നെങ്കിൽ സർക്കാരിനും അന്താരാഷ്ട്ര പി.ആർ കമ്പനിക്കും കോവിഡ് ചാകരയായി മാറുമായിരുന്നു.
വാളയാറിലെ ക്രൂരത
സർക്കാരിന്റെ മനുഷ്യത്വഹീനമായ യഥാർത്ഥ മുഖം പുറത്തുവന്നത് വാളയാറിലായിരുന്നു. ലോക്ക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളികൾ ജീവനുംകൊണ്ട് പിറന്ന മണ്ണിലേക്ക് ഓടി വന്നപ്പോൾ അവരുടെ മുന്നിൽ നിഷ്‌കരുണം വാതിൽ കൊട്ടിയടയ്ക്കുകയാണ് സർക്കാർ ചെയ്തത്. സർക്കാരിന്റെ പാസില്ലാതെ വരുന്നവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോയാൽ മതിയെന്ന സർക്കാരിന്റെ ഉത്തരവുള്ളപ്പോഴായിരുന്നു ഇത്. എന്തു കാരണത്താലായാലും പ്രാണരക്ഷാർത്ഥം ഓടിയെത്തുന്ന നമ്മുടെ സഹാദരങ്ങളോട് ഇങ്ങനെ ക്രൂരമായി പെരുമാറാമോ?
എന്തു നൽകി?
നാലു വർഷത്തിനിടയിൽ പേരിനെങ്കിലും എടുത്തുകാട്ടാൻ പറ്റുന്ന നല്ലൊരു പദ്ധതി ആരംഭിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് കാലത്ത് മിക്കവാറും പൂർത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് ഞെളിയാനല്ലാതെ മറ്റൊന്നിനുമായിട്ടില്ല. കഠിനപ്രയത്നത്തോടെ യു.ഡി.എഫ് കാലത്ത് ആരംഭിച്ച കേരളത്തിന്റെ എക്കാലത്തെയും വലിയ സ്വപ്നമായ വിഴിഞ്ഞം തുറമുഖ പദ്ധതി അവതാളത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ കമ്മിഷൻ ചെയ്യേണ്ട പദ്ധതി, അഞ്ചുമാസം കൂടി കഴിഞ്ഞിട്ടും എന്ന് പൂർത്തിയാകുമെന്ന് സർക്കാരിനോ അദാനി ഗ്രൂപ്പിനോ പിടിയില്ല.
മറ്റൊരു സ്വപ്നമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ രൂപരേഖ തയ്യാറാക്കി പണി ആരംഭിക്കേണ്ട ഘട്ടം വരെയെത്തിച്ചതാണ് യു.ഡി.എഫ് സർക്കാർ. ഇടതു സർക്കാർ വന്നതിനു ശേഷം അതിന്റെ മുഖ്യശില്പിയായ ഇ. ശ്രീധരനെ ഓടിച്ചുവിട്ട് ആ പദ്ധതി കുഴച്ചുമൂടി.
അടിത്തറ തകർത്തു
വലിയ സാമ്പത്തിക ശാസ്ത്രജ്ഞന്റെ മട്ടും ഭാവവുമായി നടക്കുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തലതിരഞ്ഞ സാമ്പത്തി നടപടികൾ കേരളത്തെ കടക്കെണിയിലാക്കി. യു.ഡി.എഫ്. അധികാരമൊഴിയുമ്പോൾ 1.57 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ഇപ്പോഴത് 2.50 ലക്ഷം കോടിയും കഴിഞ്ഞ് കുതിക്കുന്നു. കേരളം രൂപം കൊണ്ട ശേഷം ഇതുവരെ ഭരിച്ച സർക്കാരുകളെല്ലാം കൂടി വരുത്തിവച്ച കടത്തിന്റെ മുക്കാലോളം ഈ സർക്കാർ മാത്രമായി വരുത്തി!
കിഫ്ബി വഴി കൊള്ളപ്പലിശയ്ക്ക് വാങ്ങിക്കൂട്ടിയ കടം വേറെ.
അനിയന്ത്രിത ധൂർത്ത്
ഇങ്ങനെ വാങ്ങിക്കൂട്ടിയ ഈ കടമെല്ലാം സംസ്ഥാനത്തിന്റെ വികസനത്തിനോ പ്രത്യുല്പാദന കാര്യങ്ങൾക്കോ ചിലവാക്കുന്നതിനു പകരം ധൂർത്തടിക്കുകയും ആഘോഷങ്ങൾക്കും മാമാങ്കങ്ങൾക്കും വാരിവിതറുകയുമാണ് ചെയ്തത്. മന്ത്രിസഭാ വാർഷികങ്ങൾക്ക് ചിലവിട്ട കോടികൾക്ക് കണക്കില്ല. മാസാമാസം ലക്ഷങ്ങളുടെ ചെലവു വരുത്തുന്ന അധിക ക്യാബിനറ്റ് പദവികൾ അഞ്ചെണ്ണമാണ് ഈ സർക്കാർ സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശസഞ്ചാരത്തിനും ചിലവായി കോടികൾ. ലോക കേരളസഭ, അസന്റ് എന്ന പേരിലെ നിക്ഷേപക സംഗമം തുടങ്ങി കോടികൾ തുലച്ചുകളഞ്ഞ മാമാങ്കങ്ങൾ പലതാണ്.
പാക്കേജുകളുടെ ശവപ്പറമ്പ്
ട്രഷറികൾ പൂർണ്ണമായി സ്തംഭിക്കുകയും കരാറുകാർക്ക് കൊടുക്കാനുള്ള കുടിശ്ശിക 14,000 കോടി എന്ന ഭയപ്പെടുത്തുന്ന നിലയിലേക്കു വളരുകയും, വികസനപ്രവർത്തനങ്ങൾ പാടെ സ്തംഭിക്കുകയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നിശ്ചലമാക്കുകയും ചെയ്തിട്ടും ധൂർത്തും ആർഭാടവും അഴിമതിയും നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. 30,000 കോടിയോളമാണ് നികുതി പിരിവിലെ വീഴ്ച. ഓരോ ബഡ്‌ജറ്റിലും ആയിരക്കണക്കിന് കോടികളുടെ പാക്കേജുകളും വികസപദ്ധതികളും പ്രഖ്യാപിച്ചു. ഒന്നു പോലും നടപ്പായില്ല.
ശാസ്ത്രീയമായ അഴിമതി
ശാസ്ത്രീയമായ അഴിമതിയിൽ സ്‌പെഷ്യലൈസ് ചെയ്ത സർക്കാരാണിത്. വികസന രാഹിത്യത്തിന് മറുമരുന്ന് എന്ന നിലയിൽ സർക്കാർ കൊണ്ടുവന്ന കിഫ്ബിയെ അഴിമതിയുടെയും ധൂർത്തിന്റെയും കൂടാരമാക്കി മാറ്റി. അഴിമതി പിടിക്കപ്പെടുമെന്നതിനാൽ ഭരണഘടനാ സ്ഥാപനമായ സി.എ.ജി.യുടെ ഓഡിറ്റ് പോലും സർക്കാർ അനുവദിച്ചിട്ടില്ല.
സർവകലാശാലകളെ മന്ത്രിയുടെ ഓഫീസിന്റെ ബ്രാഞ്ചുകളായും വൈസ് ചാൻസലർമാരെ കീഴുദ്യോഗസ്ഥരാക്കിയും മാറ്റി മന്ത്രി കെ.ടി. ജലീൽ നടത്തിയ മാർക്ക് ദാന അഴിമതിക്ക് ഗവർണ്ണർ തന്നെ മന്ത്രിയുടെ ചെവിക്കു പിടിച്ചു. യുവജനങ്ങളുടെ ആശാ കേന്ദ്രമായ പി.എസ്.സി.യുടെ വിശ്വാസ്യപോലും സി.പി.എമ്മിന്റെ കുട്ടി നേതാക്കൾ തകർത്തു.
വെറും വാചകമടി
കൊവിഡിന് പുറമേ ഓഖിയും രണ്ടു പ്രളയവുമാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായത്. അതിൽ ഓഖിയും ആദ്യപ്രളയവും സർക്കാരിന്റെ കൈത്തെറ്റിന്റെ ഫലമാണ്. ഈ മൂന്ന് ദുരന്തങ്ങളിലും സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും ദയനീയ പരാജയമാണുണ്ടായത്. കേരള പുനർനിർമ്മിതി വാചകമടിയിൽ ഒതുങ്ങി. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസനിധിയിലേക്ക് ലഭിച്ച 4750.8 കോടിയിൽ 2120 കോടി ചിലവഴിക്കാതെ കയ്യിൽ വച്ചിരിക്കുകയാണ്. ഇത് കയ്യിലിരിക്കുമ്പോഴാണ് കടം കയറി ഇരുപത്തിയഞ്ചോളം കർഷകർ ആത്മഹത്യചെയ്തത്.
സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പാടെ വ്യതിചലിച്ചാണ് പ്രവർത്തിച്ചത് എന്നത് ചരിത്രം രേഖപ്പെടുത്തും.