രാജ്യത്തെ നടുക്കി ഭൂമികുലുക്കം; ലൈവ് ഷോയ്ക്കിടെ ചിരിച്ച് നേരിട്ട് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേൺ
വെല്ലിങ്ടൺ:- ന്യൂസിലാന്റിലെ ചാനൽ ത്രിയിൽ 'ബീഹൈവ്' എന്ന പരിപാടിയിൽ തത്സമയം പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി ജസിന്ത ആഡേൺ. പെട്ടെന്നാണ് ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടത്. കുലുക്കത്തിനിടയിലും കുലുങ്ങാതെ 'എന്റെ പിന്നിലുള്ള വസ്തുക്കൾ ഇതാ കുലുങ്ങുന്നുണ്ട്.' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു ജസിന്ത. താൻ സുരക്ഷിത സ്ഥലത്താണെന്നും ജസിന്ത പ്രതികരിച്ചു.
ന്യൂസിന്റിലെ നോർത്ത് ഐലന്റിലാണ് ശക്തമായ ഭൂചനമുണ്ടായത്. റിക്ചർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം പക്വതയാർന്ന പ്രതികരണം നടത്തിയ പ്രധാനമന്ത്രിയെ ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചു. വെല്ലിങ്ടണിൽ നിന്ന് 62 മൈൽ അകലെ സമുദ്രത്തിലാണ് ഭൂകമ്പ പ്രഭവ കേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രതികരിച്ചു. മുൻപ് 2011ൽ ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭൂകമ്പത്തിൽ 185ഓളം ജനങ്ങളാണ് ന്യൂസിലാന്റിൽ മരിച്ചത്. അന്ന് തകർന്ന നഗരത്തിന്റെ പുനർനിർമ്മാണം പൂർത്തിയാകുന്നതേയുള്ളു. 'റിങ് ഓഫ് ഫയർ' എന്ന അഗ്നിപർവ്വത ശൃംഖലകളുടെയും സമുദ്ര കിടങ്ങുകളുടെയും ഇടയിലാണ് ന്യൂസിലാന്റ്.
ലോകമാകെ ബാധിച്ച കൊവിഡ് രോഗത്തെ ന്യൂസിലാന്റ് കൈകാര്യം ചെയ്ത രീതിക്ക് മുൻപ് ജസിന്തക്ക് അഭിനന്ദനം ലഭിച്ചിരുന്നു. 1504 പേർക്ക് രോഗം ബാധിച്ച ന്യൂസിലാന്റിൽ 21 പേർ മാത്രമാണ് മരിച്ചത്. നിലവിൽ ഒരാൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പക്വതയാർന്ന പെരുമാറ്റത്തിലൂടെ ജസിന്ത ആഡേന്റെ ജനപ്രീതി രാജ്യത്ത് വർദ്ധിച്ചിരിക്കുകയാണ്.