തീവ്രവാദികൾ സിനിമാ സെറ്റ് തകർത്ത സംഭവം: രാഷ്ട്രീയ ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡന്റ് പൊലീസ് പിടിയിൽ

Monday 25 May 2020 6:36 PM IST

കൊച്ചി: ടൊവിനോ തോമസ് ചിത്രമായ 'മിന്നൽ മുരളി'യുടെ സെറ്റ് സംഘം ചേർന്ന് തകർത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും രാഷ്ട്രീയ ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കമാലിയിൽ നിന്നുമാണ് രതീഷിനെ പിടികൂടിയത്. സംഭവത്തിൽ കുറ്റവാളികളായ മറ്റ് നാല് പേര്‍ക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

കേസ് പ്രത്യേക സംഘമാകും അന്വേഷിക്കുകയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ആലുവ റൂറല്‍ എസ്.പി അറിയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ഷൂട്ടിംഗിനായി നിർമിച്ച സെറ്റായിരുന്നു രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ പൊളിച്ചത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഇവർ സെറ്റ് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്.