'ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിനങ്ങളില്‍ ഒന്നായിരുന്നു 1980ലെ ജൂണ്‍ 5': കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എസ്.വരദരാജൻ നായരുടെ മകൻ എഴുതുന്നു

Monday 25 May 2020 9:57 PM IST

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിനങ്ങളില്‍ ഒന്നായിരുന്നു 1980ലെ ജൂണ്‍ 5. നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരനായിരുന്ന ടി.എസ്. വിശ്വനാഥപിള്ളയും ഭാര്യ മഹേശ്വരിയും ഇളയ മകന്‍ വിവേക് പിള്ളയും കളമശ്ശേരിക്കു സമീപം ഉണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൊലീസ് സര്‍വ്വീസിലെ അംഗമായിരുന്ന വിശ്വനാഥപിള്ള ഓര്‍മ്മകള്‍ ബാക്കി നില്‌ക്കെ അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു .ശാന്തന്‍, സത്യസന്ധന്‍, കണിശക്കാരന് എന്ന മൂന്നു പദങ്ങൾ വിശ്വനാഥപിള്ളക്ക് യോജിക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ പൊലീസ് കമ്മീഷണറായിരുന്ന വിശ്വനാഥപിള്ള അപകടത്തില്‍ മരണപ്പെട്ടത്, ആ അപകടം പൊലീസ് സേനയെ മാത്രമല്ല കേരളത്ത തന്നെ അക്ഷരാര്‍ത്ഥത്തില്‍ അന്ന് ഞെട്ടിച്ചു. മരണ സമയം കേരളാ ഷിപ്പിംഗ് കോർപ്പറേഷൻ എം. ഡി ആയിരുന്നു .പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുവന്നയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റ മരണമറിഞ്ഞ് സേനാംഗങ്ങൾ പലതും ദുഖം കടിച്ചമർത്തുകയായിരുന്നു. അപകടത്തിൽ ദുരൂഹതകളും പലരും കണ്ടിരുന്നു.

അതിലേക്ക് ഞാൻ കടക്കുന്നില്ല. തിരുവനന്തപുരം നഗരത്തിലെ ട്രാഫിക്ക് പരിഷ്കാരങ്ങളിൽ അദ്ദേഹം സജീവമായ പങ്കു വഹിച്ചു. വഴുതയ്ക്കാട്, ഫോറസ്റ്റ് ആഫിസ് ലെയിനിലെ രോഹിണിയിൽ വച്ചാണ് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടുക. അവിടെവച്ച്(ഡോ.പി.കെ.രാധാകൃഷ്ണപിള്ളയുടെ വസതി) ഒരു ദിവസം വിശ്വനാഥപിള്ള എന്നോട് ചോദിച്ചു.

'നഗരത്തിലെ ട്രാഫിക് പരിഷ്‌കാരത്തിന്ചില നടപടികള്‍ എടുക്കുകയാണ്. പല ബസ്സുകളും സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നു തിരിക്കുന്നതു കൊണ്ട് വലിയ ട്രാഫിക്ക് ജാം . പ്രതാപന് നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടോ.' ഒരു നിമിഷം ആലോചിച്ച ശേഷം ഞാന്‍ അതിന് മറുപടി നല്കി. 'ഈ ബസ്സുകള്‍ സെക്രട്ടറിയേറ്റിനു പിന്നില്‍ ,അതായത് പ്രസ്‌ക്ലബിനു മുന്നില്‍ നിന്നാരംഭിക്കാം'. എന്റെ അഭിപ്രായം അങ്ങനെയായിരുന്നു. 'നല്ല ഐഡിയയാണ്.'വിശ്വനാഥ പിളള പറഞ്ഞു. ചായ കഴിച്ച ശേഷം ഞാന്‍ മടങ്ങി. രണ്ടാം ദിവസം എന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയതായി വിശ്വനാഥപിള്ള അറിയിച്ച കാര്യം എന്റെ ഓര്‍മ്മയിലെത്തുകയാണ്.

അപകട മരണത്തിനു ശേഷം വിശ്വനാഥപിള്ളയുടെ മൂത്തമകന്‍ വിനോദ്. പിള്ള ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിട്ടു. വിനോദിനെ അമ്മാവന്‍ കൂട്ടികൊണ്ടു പോയി. വിശ്വനാഥപിളളയുടെ മാതാപിതാക്കൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അവർക്ക് വിനോദിനെ കൈമാറാന്‍ അമ്മാവൻ തയ്യാറായില്ല. ഈ വിഷയം ഗൗരവമായി . വിഷയത്തില്‍ ശങ്കരപിള്ളയുടെയും തങ്കമ്മയുടെയും ദുഃഖമകറ്റാന്‍ സുഹൃത്തുക്കൾ തീരുമാനിച്ചു വിനോദ്പിള്ളയെ വിശ്വനാഥപിള്ളയുടെ മാതാവിനെ ഏല്‍പ്പിക്കാന്‍ ഐ.എ.എസ്, ഐ.പി.എസ് സുഹൃത്തുക്കള്‍ ആലോചിച്ച് തീരുമാനിച്ചു.

അവര്‍ ഒരഭിഭാഷകനെ ബന്ധപ്പെട്ടു. അഡ്വ. എ. ജയന്തൻ നായർ എന്നാണ് എന്റെ ഓര്‍മ്മ. വിനോദ്പിള്ളയെ നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഒരു സര്‍ച്ച് വാറണ്ട് സമര്‍പ്പിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഹർജി 1980 ജൂലൈ 25 ന് മജിസ്ട്രേട്ട് കോടതി പരിഗണിച്ചു ടി .സി .കെ പണിക്കരായിരുന്നു അന്ന് മജിസ്ട്രേട്ട്.

വിനോദിനെ ഹാജരാക്കാൻ അമ്മാവൻ മഹഷ് തമ്പി കോടതിയിൻ സമയം ചോദിച്ചു. അതേദിവസം ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് കേസ് കോടതി വീണ്ടും പരിഗണിച്ചു. തങ്കമ്മയും സഹോദരൻ ജനാർദ്ധനൻ പിള്ളയോടുമൊപ്പം കോടതിയില്‍ പോകാന്‍ അന്ന് ആരും തയ്യാറായില്ല. അവർക്കെല്ലാം മഹേഷിനെ വലിയ പേടിയായിരുന്നു എന്നതാണ് സത്യം. ആ ദൗത്യം ഡോ.രാധാകൃഷ്ണപിള്ളയുടെയും ഐ.ജി മധുസൂധനന്റേയും ജെ.ലളിതാംബിക ഐ.എ.എസിന്റെയും ആവശ്യപ്രകാരം.

ഞാനേറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥി രംഗത്തെ പ്രവര്‍ത്തനകാലത്തെ ധൈര്യമായിരുന്നു എന്റ മുതൽക്കൂട്ട്. രാധാകൃഷ്ണ പിളളയും ഐ.ജി മധുസൂധനനും കുടെ വന്നെങ്കിലും വക്കീലാഫീസിൽ തന്നെയിരുന്നു. വി.ജി ഗോവിന്ദൻ നായർ ആയിരുന്നു. എതിർ വിഭാഗം വക്കീൽ ജയന്തൻ നായരുടേയും വിജിയുടേയും വാദങ്ങൾക്ക് ഒടുവിൽ വിനോദ് പിള്ളയെ കോടതി ശങ്കരപിള്ളക്കും ഭാര്യ തങ്കമ്മക്കും വിട്ടു നൽകി .

ഈ ഓപ്പറേഷന് അന്നത്തെ സിറ്റി കമ്മീഷണർ എം.ജി.എ രാമൻ രഹസ്യമായി നേതൃത്വo നൽകി. സി. ഐ മുകുന്ദൻ കോടതിയിൽ നിന്ന് വിനോദിനെ ഏറ്റു വാങ്ങി ഞങ്ങളോടൊപ്പം വരാൻ തീരുമാനിച്ചു . കോടതിയില്‍ നിന്ന് വിനോദ്പിള്ളയേയും കൊണ്ട് വൈകുന്നേരം 5 ന് ഞങ്ങൾ മടങ്ങാൻ തയ്യാറായി. എന്നാൽ ഒരു കാരണവശാലും പത്തു വയസ്സുകാരനായ നിക്കറിട്ട ആ കൊച്ചു പയ്യന്‍ ഞങ്ങളോടൊപ്പം വരാന്‍ തയ്യാറായിരുന്നില്ല. മുത്തശ്ശിയെ കണ്ടഭാവം വിനോദ് കാണിച്ചില്ല.

ഞങ്ങളുടെ കൂടവരില്ല എന്ന വാശിയിലായിരുന്നു. കരഞ്ഞ് ബഹളം വച്ചു. ഞാനും എന്റെ സുഹൃത്തുക്കളും വിനോദ്പിള്ളയെ ബലമായി പിടിച്ച് കാറില്‍ കയറ്റി. എവിടെ കൊണ്ടു പോകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ട് വിനോദിന്റെ അമ്മാവന്‍ മഹേഷ് തമ്പി അവിടെ ഉണ്ടായിരുന്നു. ലളിതാംബികയുടെ സഹോദരൻ നടരാജന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ വിനോദിനേയും കൊണ്ട് കാറില്‍ പോയത്.

ഞങ്ങൾ വിനോദിനെയും കൊണ്ട് അവിടെ ഇറങ്ങി വിനോദ് വാശി തുടര്‍ന്നു. ഒരിക്കലും കൈവിടാതെ വിനോദിന്റെ വലതുകൈയില്‍ ഒരു കര്‍ച്ചീഫ് ഉണ്ടായിരുന്നു. ഞാന്‍ വിശ്വാസിയാണെങ്കിലും അന്ധവിശ്വാസമൊന്നുമില്ല. ആ കർച്ചീഫിൽ ഒരു പന്തികേട് തോന്നി. ആ കര്‍ച്ചീഫ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി ഞാന്‍ കത്തിച്ചു കളഞ്ഞു. വിനോദ് എന്നെ ആക്രമിക്കുകയും ഷര്‍ട്ട് വലിച്ചു കീറിയും കൈയില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു.

ഒരു മണിക്കൂറിനു ശേഷം വിനോദ് ശാന്തനായി. വൈകുന്നേരം ആറര മണിയോടെ വിശ്വനാഥപിള്ളയുടെ രക്ഷിതാക്കളെ വിനോദിനെ ഏല്‍പ്പിച്ച് ഞാന്‍ 'വീക്ഷണം' ഓഫീസിലേക്ക് മടങ്ങി. സി.ഐ. മുകുന്ദനോടൊപ്പം ജീപ്പിൽ . വിനോദിന് പൊലീസിൽ നിയമനം ലഭിച്ചു. വിനോദിന്റെ മൊബൈല്‍ നമ്പര്‍ ഡോ.രാധാകൃഷ്ണപിള്ളയില്‍ നിന്ന് ഞാൻ സംഘടിപ്പിച്ചു വർഷങ്ങൾക്ക് ശേഷം മേയ് 20ന് ഞാന്‍ ഉച്ചയോടെ ഫോണ്‍ ചെയ്തു.

വിനോദ് എന്നെ തിരിച്ചറിഞ്ഞു. സ്‌നേഹത്തോടെയുള്ള സംസാരം. മുത്തശ്ശിയും മുത്തച്ഛനും ഇപ്പോള്‍ ഇല്ല എന്നും വിനോദിന്റെ കുടുംബകാര്യങ്ങളും വിശദമായി എന്നോട് വിവരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ആയി നിയമനം ലഭിച്ച, വിനോദ്പിള്ള ഇന്ന് കോട്ടയം നാര്‍ക്കോട്ടിക് സെല്ലില്‍ ഡി.വൈ.എസ്.പി ആണ്.

അടിക്കുറിപ്പ്: കോടതി നടപടികളിൽ ഒരു പത്രത്തിന് അതിരു കടന്ന താൽപ്പര്യമായിരുന്നു പൊതുജനം അന്നത്തെ ഗവർണ്ണർ ഈ വിഷയത്തിൽ ഇടപെട്ടു എന്നു വരെ ആ പത്രം എഴുതി. പാവം ഗവർണ്ണർ.