'ഭക്ഷണവും വെള്ളവുമില്ലാതെ 76 വർഷക്കാലം ജീവിച്ചു': തൊണ്ണൂറാം വയസിൽ ഇഹലോകം വെടിഞ്ഞ് പ്രഹ്ലാദ് ജാനി, അന്തരിച്ചത് പ്രധാനമന്ത്രി പോലും അനുഗ്രഹം തേടുന്ന മഹായോഗി
അഹമ്മദാബാദ്∙ ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിതം നയിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന പ്രഹ്ളാദ് ജാനി ഇഹലോകം വെടിഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ വച്ച് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം മരണമടഞ്ഞത്. 90 വയസ്സായിരുന്നു. ചുൻരിവാല മാതാജി എന്നും പേരുള്ള പ്രഹ്ളാദ് ജാനി 76 വർഷക്കാലം താൻ ഭക്ഷണവും വെള്ളവുമില്ലാതെ ജീവിച്ചുവെന്നാണ് അവകാശപ്പെട്ടിരുന്നത്.
ജന്മദേശത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് മാതാജി ജന്മദേശമായ ഛരദയിലേക്ക് പോയിരുന്നു. ജാനി തന്റെ പതിന്നാലാം വയസ്സിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്ന് ശിഷ്യർ പറയുന്നു. വളരെ ചെറുപ്പത്തിൽതന്നെ പ്രഹ്ളാദ് ജാനി വീടുവിട്ടിറങ്ങിയിരുന്നു. അംബ ദേവിയുടെ അടുത്ത വിശ്വാസിയെന്ന നിലയിൽ സ്ത്രീകളെപ്പോലെ ചുവന്ന സാരിയായിരുന്നു ജാനിയുടെ വേഷം.
ഇക്കാരണം കൊണ്ടാണ് ചുന്നരിവാല മാതാജിയെന്ന് ഇദ്ദേഹം അറിയപ്പെടാൻ കാരണം. ഭക്ഷണവും വെള്ളവുമില്ലാതെ താൻ ജീവിച്ചുവെന്ന ഇദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ പിന്നിലെ സത്യം മനസിലാക്കാൻ 2003ലും 2010ലും ശാസ്ത്രജ്ഞർ പരിശോധനകൾ നടത്തിയിരുന്നു. ബനാസ്കന്ദയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാക്ഷേത്രത്തിലേക്കാണ് ഇദ്ദേഹത്തിന്റെ മൃതശരീരമെത്തിച്ചത്.
ഭക്തർക്ക് ആശ്രമത്തിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രണ്ടു ദിവസം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വ്യാഴാഴ്ച സമാധിയടക്കുമെന്നും അദ്ദേഹത്തിന്റെ ശിഷ്യർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നിരവധി പേർ അനുഗ്രഹങ്ങൾ തേടി ഇദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. മഹായോഗിയെന്ന നിലയ്ക്കായിരുന്നു ജനങ്ങളും ശിഷ്യരും ഇദ്ദേഹത്തെ പിന്തുടർന്ന് പോന്നത്.