കൊവിഡ് പരിശോധനകൾക്ക് സ്വകാര്യ ലാബുകളുടെ സഹായം തേടികൂടേയെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

Wednesday 27 May 2020 11:03 AM IST

ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളെ ഉപയോഗിച്ച് കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിക്കൂടെയെന്ന് സംസ്ഥാനങ്ങളോട് ആരാഞ്ഞ് കേന്ദ്ര സർക്കാർ. കൊവിഡ് ടെസ്റ്റിനായി സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് 4500 രൂപയാണ്. ഈ നിരക്ക് കുറച്ച് സ്വകാര്യ ലാബുകളെ ഉള്‍പ്പെടുത്തി രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനെക്കുറിച്ചാണ് കേന്ദ്രം ആലോചിക്കുന്നത്.

നിലവില്‍ രാജ്യത്ത് 20 ശതമാനത്തില്‍ താഴെയാണ് ലാബുകള്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. ആരോഗ്യ വകുപ്പ് ഗവേഷണ വിഭാഗം സെക്രട്ടറി ഡോ. ബല്‍റാം ഭാര്‍ഗവ തിങ്കളാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. മിതമായ നിരക്കില്‍ പരിശോധന നടത്തുന്നതിനെക്കുറിച്ച് സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്താനും ബല്‍റാം ഭാര്‍ഗവ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റുകളുടെ ലഭ്യത കൂടി കണക്കിലെടുത്താണ് കേന്ദ്രം സ്വകാര്യ ലാബുകളെ കൂടി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളോട് ആരാഞ്ഞത്.