അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായി, രാമവിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി, ക്ഷേത്രത്തിന് 270അടി ഉയരം

Wednesday 27 May 2020 12:15 PM IST

ലഖ്നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായി. 67 ഏക്കറിൽ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിർമ്മിക്കുക. നാഗരശൈലിയിൽ പണിയുന്ന. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചതായി രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് പ്രഖ്യാപിച്ചു.

രാംലല്ലയിൽ പൂജ നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. 28 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം രാമജന്മഭൂമിയിൽ എത്തിയത്.

രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി അയോദ്ധ്യയിലെ രാമവിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. താത്കാലിക കൂടാരത്തിൽ നിന്ന് ക്ഷേത്രനിർമ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിർമ്മിച്ച സ്ഥലത്തേക്കാണ് വിഗ്രഹം മാറ്റിയത്. നൂറ്റാണ്ടോളം നീണ്ട അയോദ്ധ്യ ഭൂമിതർക്കം അവസാനിപ്പിച്ച് കഴിഞ്ഞ നവംബറിലാണ് ക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

അയോദ്ധ്യ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. അഞ്ച് അടി ഉയരമുള്ള ശിവലിംഗം, ഏഴ് കരിങ്കൽ തൂണുകൾ, ആറ് ചെങ്കൽ തൂണുകൾ, ദേവീ ദേവന്മാരുടെ പൊട്ടിയ വിഗ്രഹങ്ങൾ എന്നിവയാണ് കണ്ടെടുത്തത്.